Categories

സൗഹൃദ ട്രാക്കില്‍ വീണ്ടും സച്ചിനും ഷുമിയും

ഗ്രേറ്റര്‍ നോയിഡ: ട്രാക്കിലെയും ക്രീസിലെയും നക്ഷത്രങ്ങള്‍ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറാണ് മെഴ്സിഡസ് ടീമംഗവും ഏഴ് തവണ ഫോര്‍മുല വണ്‍ ചാംപ്യനും തന്റെ പ്രിയ സുഹൃത്തുമായ മെക്കള്‍ ഷുമാക്കറെ വീണ്ടും കണ്ട് മുട്ടിയത്. പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രി വേദിയായ നോയിഡയിലെ ബുദ്ധ സര്‍ക്യൂട്ടില്‍ വച്ചാണ് ഇരുവരും വീണ്ടും സൗഹൃദം പുതുക്കിയത്.

ഭാര്യ അഞ്ജലിയോടും മകള്‍ സാറയോടുമൊപ്പമാണ് സച്ചിന്‍ പുതുതായി പണികഴിപ്പിച്ച ബൂദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെത്തിയത്. മത്സരത്തിന്റെ മുഖ്യ സംഘാടകരായ ജയ്പീ സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍ സമീര്‍ ഗൗര്‍ സച്ചിനെ സ്വീകരിച്ചു. സര്‍ക്യൂട്ടിലെത്തിയ സച്ചിന്‍ അരമണിക്കൂര്‍ എഫ് വണ്‍ മേധാവിയായ ബെര്‍ണി എക്‌സല്‍സ്റ്റോണുമായി സമയം ചെലവഴിച്ചു.

പിന്നീട് ഇരുവരും എഫ് വണിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജാക്കി സ്റ്റുവാര്‍ട്ടിനും ബോളിവുഡ് നടന്‍ ഗുള്‍ഷന്‍ ഗോവറിനുമൊപ്പം ചേര്‍ന്നു. തുടര്‍ന്ന്‌നാല് പേരും ഫോട്ടോഗ്രാഫ്രര്‍മാരുടെ ആവശ്യപ്രകാരം ഫോട്ടോക്ക് പോസ് ചെയ്തു.

അതിന് ശേഷം സച്ചിന്‍ നേരെ മെഴ്‌സിഡസ് ബെന്‍സിന്റെ ടീം ക്യാംപിലേക്കാണ് പോയത്. അവിടെ വച്ച്് ഷുമാക്കറെ സന്ദര്‍ശിച്ച സച്ചിന്‍ അദ്ദേഹത്തിന് തന്റെ ഭാര്യയെയും മകളെയും പരിചയപ്പെടുത്തികൊടുത്തു. പിന്നീട് മെഴ്‌സിഡസിന്റെ മറ്റൊരു ഡ്രൈവറായ നിക്കോ റോസ് ബര്‍ഗിനെയും പരിചയപ്പെട്ടതിന് ശേഷമാണ് സച്ചിന്‍ മെഴ്‌സിഡസ് ക്യാംപ് വിട്ടിറങ്ങിയത്.

സുഹൃത്തിന്റെ സാന്നിദ്ധ്യത്തില്‍ മത്സരത്തിനിറങ്ങിയ ഷുമാക്കര്‍ സീസണിലെ മികച്ച പ്രകടനത്തോടെയാണ് ട്രാക്ക്് വിട്ടത്. പന്ത്രണ്ടാം സ്ഥാനത്ത് നിന്ന് മത്സരമാരംഭിച്ച നാല്‍പ്പതുകാരന്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി. റേസിനു സമാപനം കുറിച്ചുകൊണ്ടുള്ള ചെക്കേഡ് ഫഌഗ് വീശിയത് സച്ചിനായിരുന്നു.

2002ലാണ് ഇരുവരും ആദ്യമായി കണ്ടത്. അന്ന് സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പം സച്ചിനെത്തിയതിന്റെ ബഹുമാനസൂചകമായായി ഫെരാരി സമ്മാനിച്ച സ്‌പോര്‍ട്‌സ് കാറിന്റെ കീ സച്ചിന് സമ്മാനിച്ചത് ഷുമാക്കറായിരുന്നു. അതിന് ശേഷം രാജ്യത്തെ പ്രഥമ ഗ്രാന്‍പ്രി മത്സരത്തിനായി ഇന്ത്യയിലെത്തിയ ഷുമാക്കര്‍ സച്ചിനെ ഒരിക്കല്‍ കുടി നേരിട്ട് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നു.

One Response to “സൗഹൃദ ട്രാക്കില്‍ വീണ്ടും സച്ചിനും ഷുമിയും”

  1. deepak

    ദി ഗോഡ് ഓഫ് ക്രിക്കറ്റ്‌ മീത്സ് ദി കിംഗ്‌ ഓഫ് ഫോര്‍മുല one

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.