മുംബൈ: ലോകകപ്പ് പാതവഴി പിന്നിട്ടപ്പോഴേക്കും സോഷ്യല്‍ സൈറ്റുകളില്‍ ചര്‍ച്ചകളും പ്രവചനങ്ങളും കമന്റുകളും തകൃതിയായി തുടരുന്നു. താരങ്ങളുടെ പ്രകടനത്തേയും പ്രതീക്ഷകളെയും കുറിച്ച് ക്രിക്കറ്റ് വിദഗ്ധന്‍മാരെപ്പോലും കവച്ചുവെയ്ക്കുന്ന ചര്‍ച്ചകളും നിര്‍ദേശങ്ങളുമാണ് വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്നും ഉയരുന്വനത്.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തന്നെയാണ് ഇത്തരം സൈറ്റുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പരസ്യക്കമ്പനികളുടെ പ്രിയതോഴനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഇക്കാര്യത്തില്‍ സച്ചിനും താഴെയേ വരൂ. സോഷ്യല്‍ മീഡിയകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന താരമെന്ന ബഹുമതി സച്ചിന്‍ സ്വന്തമാക്കിയപ്പോള്‍ ഏഴാം സ്ഥാനത്താണ് ധോണിയുള്ളത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗുകള്‍ എന്നിവയെ അടിസ്ഥാനമാക്കി നെല്‍സണ്‍ മക്കിന്‍സേ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് രണ്ടാംസ്ഥാനത്തും അഫ്രീഡി മൂന്നാംസ്ഥാനത്തും ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് നാലാം സ്ഥാനത്തുമാണ്.

ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ പെപ്‌സി തന്നെയാണ് നമ്പര്‍ വണ്‍. റീബൊക്ക്്, നോക്കിയ, അഡിഡാസ്, സോണി, ഹീറോ ഹോണ്ട, കാസ്‌ട്രോള്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.