എഡിറ്റര്‍
എഡിറ്റര്‍
ആരാധകര്‍ക്ക് ആവേശമായി സച്ചിന്‍
എഡിറ്റര്‍
Friday 3rd February 2017 12:50am

sachincalicut

കോഴിക്കോട്: ആരാധകര്‍ക്ക് ആവേശമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോഴിക്കോടെത്തി. അസ്റ്റര്‍ മിംസിന്റെ സ്പോര്‍ട്സ് മെഡിസിന്‍ കേന്ദ്രവും പുനരധിവാസ കേന്ദ്രവും ഉദ്ഘാടനം ചെയ്യാനായിരുന്നു സച്ചിന്‍ എത്തിയത്.

സച്ചിന്‍ കോഴിക്കോട് എത്തുന്നതറിഞ്ഞ് രാവിലെ മുതല്‍ തന്നെ ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിരുന്നു. 12.30 ഓടെയാണ്  സച്ചിന്‍ എത്തിയത്. അവതാരികയെ സംസാരിക്കാന്‍ പോലും അനുവദിക്കാതെ ആരാധകര്‍ ആവേശത്തിലായപ്പോള്‍ ആരാധകരെ നിയന്ത്രിക്കാന്‍ സച്ചില്‍ തന്നെ പലപ്പോഴും ഇടപെട്ടു.

കായിക ക്ഷമതയാണ് സമ്പത്തെന്ന് പറഞ്ഞ സച്ചിന്‍, കായികക്ഷമതയുടെ മികച്ച ഉദാഹരണമാണ് വേദിയിലിരിക്കുന്ന പത്മശ്രീ മീനാക്ഷി അമ്മയെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് സദസ് വരവേറ്റത്.

കേരളം തനിക്ക് അകമഴിഞ്ഞ സ്നേഹവും പിന്തുണയും നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ സീസണ്‍ കാഠിന്യമേറിയതായിട്ടും ബ്ലാസ്റ്റേഴ്സിന് മികച്ച നേട്ടമുണ്ടാക്കാനായത് ഇവിടുത്തെ കാണികളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്നും സച്ചിന്‍ വ്യക്തമാക്കി.

കേരളം തനിക്ക് എന്നും പ്രിയപ്പെട്ട സ്ഥലമാണ്. കേരളം നല്‍കിയ ആതിഥ്യ മര്യാദയും ആരാധക പിന്തുണയും മഹത്തരമാണ്. കേരളത്തിലെ കാണികളുടെ പിന്തുണ എപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നു.

കൊച്ചിയില്‍ രണ്ടു തവണ ഏകദിനം കളിച്ചപ്പോഴും ബൗളര്‍ എന്ന നിലയില്‍ കളിയിലെ കേമന്‍ ആവാന്‍ കഴിഞ്ഞത് സന്തോഷമുള്ള ഓര്‍മയാണ്. അന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ സ്റ്റേഡിയത്തിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന ആരാധകരെ കണ്ട് അന്തംവിട്ടിരുന്നു.  ഇപ്പോള്‍ ഫുട്ബോളിന്റെ വഴിയിലും കേരളവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നതും സംതൃപ്തി തരുന്നു. കേരളാ ബ്ലാസേ്റ്റഴ്സിലെ കളിക്കാരോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നതും ഈയൊരുകാര്യമാണ്. കേരളത്തിലെ കായിക പ്രേമികള്‍. അവര്‍ക്കു വേണ്ടിയാകണം നിങ്ങളുടെ കളി.

കായിക താരത്തെ സംബന്ധിച്ച് പരിക്ക് സ്വാഭാവികമാണ്. അതില്‍നിന്ന് തിരിച്ചു വരുക എന്നതാണ് പ്രധാനം. നല്ല മാര്‍ഗനിര്‍ദേശം, നല്ല പിന്തുണ, നല്ല ചികിത്സ എന്നിവയാണ് പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ബാറ്റ് പിടിക്കാന്‍ പോലും പറ്റാത്ത തീവ്രമായ കൈമുട്ടു വേദന താന്‍ അനുഭവിച്ചിരുന്നു. ഇനി കളിക്കാനാവുമോ എന്നു വരെ സങ്കടപ്പെട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ റണ്ണുടെ റെക്കോഡ് തീര്‍ത്ത ഇതിഹാസം വേദനനിറഞ്ഞ പരുക്കോര്‍മകള്‍ ഒന്നൊഴിയാതെ സദസിനോടു പങ്കുവച്ചു.

ഒടിഞ്ഞ കൈവിരലുമായി, നീരുവന്ന പാദങ്ങളുമായി, ഒടിഞ്ഞ വാരിയെല്ലുമായി- ഇന്ത്യക്കു വേണ്ടി കളിക്കളത്തില്‍ ബാറ്റേന്തിയ 24 വര്‍ഷങ്ങള്‍ക്കിടയില്‍ കടന്നുപോയ ഓരോ പരുക്കുകളും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മനസില്‍ ഇപ്പോഴുമുണ്ട്. ‘ടെന്നീസ് എല്‍ബോ’യായിരുന്നു ഏറ്റവും പ്രശ്നമുണ്ടാക്കിയത്. ഒരു സീസണിന്റെ തുടക്കത്തിലായിരുന്നു അസുഖം കണ്ടെത്തിയത്. ചികിത്സയും വിശ്രമവും ദീര്‍ഘനാള്‍ വേണ്ടിവരുമെന്ന തിരിച്ചറിവ് ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു. ആശുപത്രിക്കിടക്കയില്‍ മാത്രം കഴിയുകയെന്നത് ഏതൊരു കായികതാരത്തെ സംബന്ധിച്ചും മനപ്രയാസമുണ്ടാക്കുന്നതാണെന്നും സച്ചിന്‍ വിവരിച്ചു.

ഇന്ത്യന്‍ ടീമില്‍ തന്നൊടൊപ്പം കളിച്ച മറ്റൊരു താരത്തിനും ഇതേ അസുഖം അക്കാലത്ത് പിടിപെട്ടിരുന്നുവെങ്കിലും സീസണിന്റെ അവസാനമായതിനാല്‍ അദ്ദേഹത്തിന് മുക്തനാകാന്‍ കൂടുതല്‍ സമയം കൂടുതല്‍ ലഭിച്ചത് തുണയായി എന്നും സച്ചിന്‍ പരഞ്ഞു.  എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്താന്‍ സച്ചിന്‍ തയാറായില്ല. പരുക്കുണ്ടായാല്‍ കൃത്യമായി വിശ്രമിക്കുകയും ചികിത്സ തേടുകയും ചെയ്യുകയാണ് വേണ്ടത്.

എല്ലാ ദിവസവും കളിക്കണമെന്നു തന്നെയാണ് ഓരോ കായികതാരത്തിന്റെയും ആഗ്രഹം. എന്നാല്‍ പരുക്കിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടാല്‍ വിശ്രമം പ്രധാന കാര്യമാണ്. ആവശ്യത്തിനു വിശ്രമം ഇല്ലാതെ വീണ്ടും കളിക്കാനിറങ്ങുന്നതാണ് ഇക്കാലത്ത് വിനയാകുന്നതെന്നും സച്ചിന്‍ പറഞ്ഞു.

ആസ്റ്റര്‍ എംഡി ഡോ. ആസാദ് മൂപ്പന്‍, സിഇഒ ഡോ. ഹരീഷ് പിള്ള, പ്രഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എംഎല്‍എ, ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റ് ടി.സി. മാത്യു, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി. വിനോദ് കുമാര്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement