ബാംഗ്ലൂര്‍: അവസാന പന്ത് വരെ ഉദ്വോഗം നിറഞ്ഞ കളിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഡ്രോ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 338 എന്ന സ്‌കോര്‍ മറികടക്കാനായില്ലെങ്കിലും ഇംഗ്ലണ്ട് ഒപ്പം പിടിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഒരു റണ്‍ എടുക്കാനേ കഴിഞ്ഞുള്ളൂ. അതോടെ കളി സമനിലയിലായി.

48 ഓവര്‍ വരെ ഇന്ത്യ വിജയം സുനിശ്ചിതമാക്കിയിരുന്നു. പിയൂഷ് ചൗളയെറിഞ്ഞ 49ാം ഓവറില്‍ ഇംഗ്ലണ്ട് കളിക്കാര്‍ 15 റണ്‍്‌സ് അടിച്ചുകൂട്ടിയതും അവസാന ഓവര്‍ എറിഞ്ഞ മുനാഫ് പട്ടേല്‍ 13 റണ്‍സ് വിട്ടുകൊടുക്കകയും ചെയ്തതോടെ ഇന്ത്യക്ക് വിജയം അസാധ്യമായി.

49.5 ഓവറിലാണ് ഇന്ത്യ 338 റണ്‍സെടുത്തത്. സച്ചിന്റെ സെഞ്ച്വറിയും(120) സെവാഗിന്റെയും(35)ഗംബീറിന്റെയും(51)യുവരാജിന്റെയും(58) ധോണിയുടെയും(31*) തകര്‍പ്പന്‍ പ്രകടനത്തി ലൂടെയുമാണ് ഇന്ത്യന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

115 പന്തിലായിരുന്നു സച്ചിന്റെ സെഞ്ച്വറി. ലോകകപ്പിലെ സച്ചിന്റെ അഞ്ചാമത്തെ സെഞ്ച്വറിയാണിത്. ഏകദിനത്തിലെ 47ാമത്തെയും. ഇതോടെ ലോകകപ്പില്‍ ഏറ്റവും സെഞ്ച്വറി എന്ന റെക്കോര്‍ഡ് സച്ചിന്‍ നേടി. 115 പന്തില്‍ 120 നേടിയ സച്ചിനെ ആന്‍ഡേഴ്‌സന്റെ പന്തില്‍ യാര്‍ഡി പിടിച്ച് പുറത്താക്കുകയായിരുന്നു.

യൂസുഫ് പത്താന്‍(14),വിരാട് കോഹ്‌ലിയും(8) അധികം ക്രീസില്‍ നില്‍ക്കാതെ പുറത്തായി. പത്തോവറില്‍ 48 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ടിം ബ്രെസ്‌നനാണ് അവസാന ഓവറുകളിലെ ഇന്ത്യന്‍ കുതിപ്പിന് തടയിട്ടത്. ബ്രെസ്‌നന്‍ എറിഞ്ഞ 49 ാം ഓവറിലാണ് ഇന്ത്യക്ക് പഠാന്‍, കൊഹ്‌ലി, ഹര്‍ഭജന്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, സ്വാന്‍, യാര്‍ഡി എന്നിവര്‍ ഓരോ വിക്കറ്റ് വിതം നേടി.

സ്‌ട്രോസിന്റെ മികച്ച ബാറ്റിങ്ങിലൂടെയാണ് ഇംഗ്ലണ്ട് അടിത്തറയിട്ടത്. 145 പന്തില്‍ 158 റണാണ് സ്‌ട്രോസ് പടുത്തുയര്‍ത്തിയത്. തുടര്‍ന്ന് പിയെറ്റേഴ്‌സണ്‍(31) ബെല്‍(69) എന്നിവരും നല്ല പിന്തുണ നല്‍കി. അവസാന 49ഓമത്ത ഓവറില്‍ ബ്രെസ്‌നന്‍ അടിച്ച രണ്ട് സ്‌ക്‌സറാണ് ഇന്ത്യയുടെ കൈപ്പിടിയിലുണ്ടായിരുന്ന വിജയം തട്ടിമാറ്റിയത്.

സഹീര്‍ഖാന്‍  64 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. മുനാഫ് പട്ടേലും ചൗളയും രണ്ട് വീതവും ഹര്‍ഭജന്‍ സിങ് ഒരു വിക്കറ്റും നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.