Administrator
Administrator
പുതിയ വീടിന് സച്ചിന്‍ 4.35 ലക്ഷം പിഴയടച്ചു
Administrator
Thursday 20th October 2011 8:52pm

മുംബൈ: മുംബൈ ബാന്ദ്രയിലെ പുതിയ വീട്ടിലേക്ക് കോര്‍പ്പറേഷനെ അറിയിക്കാതെ താമസം മാറിയതിന് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 4,35,000 രൂപ പിഴയടച്ചു. ബിര്‍ഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് സച്ചിനില്‍ നിന്ന് പിഴ സ്വീകരിച്ചത്.

ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പുതിയ വീട്ടിലേക്ക് പ്രവേശനം മാറ്റിയതിന് സച്ചിന് കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. പിഴ അടച്ച സച്ചിന് കോര്‍പ്പറേഷന്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

കിഞ്ഞമാസമാണ് ബാന്ദ്രയിലെ പുതിയ വീട്ടിലേക്ക് സച്ചിനും കുടുംബവും താമസം മാറ്റിയത്. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് ഓക്യൂപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെയാണ് സച്ചിന്‍ താമസം തുടങ്ങിയതെന്നും അതിനാല്‍ പിഴയൊടുക്കണമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ കര്‍ശന നിലപാട് എടുക്കുകയായിരുന്നു.

സച്ചിനെ പിഴയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന ടെക്‌സ്‌റ്റൈല്‍ മന്ത്രി മുഹമ്മദ് ആരിഫ് നസീം ഖാന്‍ കോര്‍പ്പറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ശിവസേനയുടെ ഭരണത്തിന് കീഴിലുള്ള ബിര്‍ഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്രദ്ധ ജാധവ് ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. പ്രശസ്തനായതുകൊണ്ട് മാത്രം ഇത്തരമൊരു നിയമത്തില്‍ ആര്‍ക്കും ഇളവ് നല്‍കാനാവില്ലെന്നായിരുന്നു ജാധവിന്റെ നിലപാട്.

പത്ത് കോടി രൂപക്ക് വെസ്റ്റ് ബാന്ദ്രയിലെ പെറി ക്രോസിലെ പഴയ കെട്ടിടം വിലക്ക് വാങ്ങിയ സച്ചിന്‍ അത് പൊളിച്ചുകളഞ്ഞ് 39 കോടി രൂപ ചെലവിട്ട് പുതിയ വീട് പണിയുകയായിരുന്നു.

Advertisement