മുംബൈ: ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ തനിക്ക് പരിക്കേറ്റെന്ന വാര്‍ത്ത സച്ചിന്‍ നിഷേധിച്ചു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സച്ചിന്‍ എം.ആര്‍.ഐ സ്‌കാനിങ് നടത്തിയെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ തന്റെ ആരോഗ്യ നില മികച്ചതാണെന്നും എം.ആര്‍.ഐ സ്‌കാനിങ് നടത്തിയത് മുന്‍കരുതലെന്ന നിലയില്‍ മാത്രമാണെന്നും സച്ചിന്‍ വ്യക്തമാക്കി.

മുംബൈയില്‍ തന്റെ ഇടത് കാല്‍ സച്ചിന്‍ സ്‌കാനിങ്ങിന് വിധേയമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ധാക്കയില്‍ നിന്ന് മടങ്ങിയ സച്ചിന്‍ മുംബൈയില്‍ തങ്ങുകയായിരുന്നു. മറ്റ് ടീം അംഗങ്ങള്‍ ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.

സ്‌കാനിങ് റിസള്‍ട്ട് ലഭിച്ച ശേഷം സച്ചിന്‍ ഇന്ന് ബാംഗ്ലൂരിലേക്ക് തിരിക്കും. ഇംഗ്ലണ്ടിനെതിരായുള്ള മത്സരത്തില്‍ താന്‍ കളിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബാംഗ്ലൂരിലെത്തിയ ഇന്ത്യന്‍ ടീം ഇന്ന് പരിശീലനത്തിന് ഇറങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും യാത്രാ ക്ഷീണം കാരണം നാളത്തേക്ക് മാറ്റിയിരിക്കയാണ്.