എഡിറ്റര്‍
എഡിറ്റര്‍
ചരിത്രത്തില്‍ സമാനതകളില്ലാത്ത താരം, സച്ചിന് നൂറാം സെഞ്ച്വറി
എഡിറ്റര്‍
Friday 16th March 2012 4:46pm

മിര്‍പൂര്‍: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറാം സെഞ്ച്വറി. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സച്ചിന്‍ നൂറാം സെഞ്ചുറി നേടിയത്. 138 പന്തിലാണ് സച്ചിന്‍ തന്റെ സ്വപ്‌നസെഞ്ച്വറി നേട്ടം കരസ്ഥമാക്കിയത്.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ സച്ചിന്‍ നേടിയ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണിത്. നൂറാം സെഞ്ചുറിക്കായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് സച്ചിന് വേണ്ടിവന്നത്.  അടുത്തിടെ നടന്ന ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടെ നിരവധി തവണ രൂക്ഷവിമര്‍ശനത്തിനും ഇടയായിരുന്നു.

കഴിഞ്ഞ നാലുവര്‍ഷവും പുതുവര്‍ഷത്തെ ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ സെഞ്ച്വറി നേടിയിരുന്നു. 2008 ജനവരി രണ്ടിന് സിഡ്‌നിയില്‍ ആരംഭിച്ച ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ 154* , ന്യൂസീലന്‍ഡിനെതിരെ 2009 മാര്‍ച്ചില്‍ 160, ബംഗ്ലാദേശിനെതിരെ 2010 ജനവരിയില്‍ 105* , ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 2011 ജനവരിയില്‍ 146 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നാല് പുതുവര്‍ഷവും സച്ചിന്‍ ഇന്നിങ്‌സ് തുടക്കമിട്ടത്.

1992, 1994, 1996, 1997, 1998, 2002, 2004 എന്നിവയാണ് സച്ചിന്‍ സെഞ്ച്വറിയോടെ തുടക്കമിട്ട മറ്റുവര്‍ഷങ്ങള്‍. 1992ലും 2004ലും 2008ലും സിഡ്‌നിയില്‍ ജനവരി രണ്ടിന് ആരംഭിച്ച ടെസ്റ്റിലായിരുന്നു സച്ചിന്റെ സെഞ്ച്വറി പ്രകടനങ്ങള്‍.

നൂറാം സെഞ്ച്വറിയെന്ന പ്രലോഭനം സച്ചിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കണക്കുകളില്‍ വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2011 മാര്‍ച്ച് 12ന് 99ാം സെഞ്ച്വറി നേടിയശേഷം കളിച്ച 15 മത്സരങ്ങളില്‍  സച്ചിന്‍ നേടിയത് 936 റണ്‍സാണ്. ശരാശരി 37.44 മാത്രം. ഒട്ടാകെ 642 മത്സരങ്ങളില്‍ 49.32 ശരാശരിയോടെ 33,591 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍, കഴിഞ്ഞ പത്തുമാസത്തിനിടെ മാത്രം ആറുതവണ 70 റണ്‍സിനുമേല്‍ സ്‌കോര്‍ ചെയ്ത് പുറത്താവുകയും ചെയ്തിരുന്നു.

ഏതായാലും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മറുപടിയെന്നോണം ഈ സെഞ്ച്വറിയിലൂടെ സച്ചിന്‍ തന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി.

Advertisement