ന്യൂദല്‍ഹി: ക്യാന്‍സര്‍ എന്ന അസുഖത്തെ കീഴടക്കി അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഇന്നിംഗ്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്ങിന് ആത്മവിശ്വാസം പകര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രശംസ.

Ads By Google

യുവരാജ് സിങ് എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നാണ് സച്ചിന്‍ പറഞ്ഞിരിക്കുന്നത്. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല, ലോകത്തിന്റെ നാനാതുറയിലുള്ളവരും യുവരാജിനെ മാതൃകയാക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

കഠിനകാലങ്ങളും അതികഠിനമായ ചികിത്സയും വിജയകരമായി പിന്നിട്ട് അന്താരാഷ്ട്രക്രിക്കറ്റിലേക്ക് യുവി മടങ്ങിയെത്തിരിക്കുകയാണ്. ഇത്തരം മാതൃകകള്‍ കായികതാരങ്ങള്‍ക്കുമാത്രമല്ല, ക്യാന്‍സറിനെതിരെ പൊരുതുന്ന എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണെന്നും സച്ചിന്‍ വ്യക്തമാക്കി.

19 വയസുകാരുടെ ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെയും സച്ചിന്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രത്യേകിച്ചും ക്യാപ്റ്റന്‍ ഉന്മുഖ് ചന്ദിന്റെ പ്രകടനത്തെ. മത്സരങ്ങള്‍ക്ക് പുറപ്പെടുംമുമ്പ് ടീമിനൊപ്പം കുറച്ചുസമയം ചിലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.