ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈ മാസം 30 ന് നടക്കുന്ന ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു പകരം കര്‍ണാടക ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ ഉള്‍പ്പെടുത്തി. വീരേന്ദര്‍ സെവാഗിനെ വീണ്ടും തഴഞ്ഞു.

നേരത്തെ, ബംഗ്ലദേശില്‍ നടക്കുന്ന ഏഷ്യാ കപ്പ് മല്‍സരത്തില്‍നിന്നും സേവാഗിനെ ഒഴിവാക്കിയിരുന്നു. ഏഷ്യാകപ്പ് ഫൈനലിന് ഒരാഴ്ചയ്ക്കു ശേഷം നടക്കുന്ന ട്വന്റി-20യിലും ധോണി തന്നെ ടീമിനെ നയിക്കും.

ഏഷ്യാകപ്പ് ടീമില്‍നിന്നു സേവാഗിനൊപ്പം ഒഴിവാക്കപ്പെട്ട സഹീര്‍ഖാനും ഇടമില്ല. ഏഷ്യാകപ്പ് ടീമിലുള്ള യൂസഫ് പഠാനും അശോക് യാദവും ദക്ഷിണാഫ്രിക്കയിലും കളിക്കും. ഒരു രാജ്യാന്തര ട്വന്റി20 മല്‍സരം കളിച്ചതു മാത്രമാണ് ഉത്തപ്പയ്ക്കുള്ള  പരിചയം.

അടുത്തിടെ നടന്ന ഹസാരെ ട്രോഫിയില്‍ ഉത്തപ്പ രണ്ടു സെഞ്ച്വറികള്‍ നേടിയിരുന്നു. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട വിരാട് കോഹ്‌ലിയെ ട്വന്റി ട്വന്റിയിലും നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ കുടിയേറ്റത്തിന്റെ 150 ാം വാര്‍ഷികം പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മത്സരം സംഘടിപ്പിക്കുന്നത്.

മുംബൈ ഓപ്പണര്‍ അജിന്‍ക്യ രഹാനെയ്ക്കും ടീമില്‍ സ്ഥാനമില്ല. ടീം: ധോണി (ക്യാപ്റ്റന്‍), കോഹ്‌ലി (വൈസ് ക്യാപ്റ്റന്‍), ഉത്തപ്പ, ഗംഭീര്‍, രോഹിത് ശര്‍മ, റെയ്‌ന, ജഡേജ, അശ്വിന്‍, പ്രവീണ്‍കുമാര്‍, വിനയ്കുമാര്‍, രാഹുല്‍ ശര്‍മ, യുസഫ് പഠാന്‍, മനോജ് തിവാരി, ഇര്‍ഫാന്‍ പഠാന്‍, ദിന്‍ഡ.

Malayalam news

Kerala news in English