Administrator
Administrator
സച്ചിനും ധോണിയും ‘പരസ്യ’യുദ്ധത്തിലേക്ക്
Administrator
Thursday 16th December 2010 9:13am

സൂരജ് പി വി

പരസ്യവിപണിയും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ പിരിയാനാകാത്ത ബന്ധമാണുള്ളത്. ശതകോടികള്‍ തിരഞ്ഞുമറിയുന്ന പരസ്യവിപണിയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആവില്ല. ഇന്ത്യന്‍ താരങ്ങളാണ് പരസ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് എന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്.

പലരും ക്രിക്കറ്റിലേക്ക് വരുന്നത് കോടികളുടെ പരസ്യവിപണിയില്‍ കണ്ണുവെച്ചിട്ടാണ്. ഇന്ത്യന്‍ ദേശീയടീമിന്റെ കുപ്പായമിട്ട് ഒരു കളി കളിച്ചാല്‍ മതി, ജീവിതകാലം മുഴുവന്‍ സുഖിച്ച് ജീവിക്കാനുള്ള തുക പരസ്യത്തിലൂടെ ലഭിക്കും. മദ്യബ്രാന്‍ഡുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, കൊള, പെപ്‌സി, ക്ഷീണമില്ലാതാക്കാനുള്ള ക്യാപ്‌സൂളുകള്‍ തുടങ്ങി അണ്ടര്‍വെയറിന്റെ പരസ്യത്തില്‍വരെ അഭിനിയിച്ച് കോടികള്‍ കൊയ്യുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.

2011 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പ് മുന്നില്‍കണ്ട് തങ്ങളുടെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അന്താരാഷ്ട്രകമ്പനികള്‍ ഇപ്പോള്‍. ഇതിനായി കോടികള്‍ തലക്കനമുള്ള താരങ്ങളെ എന്തുവിലകൊടുത്തും വലവീശിപ്പിടിക്കാന്‍ അവര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും യുവാക്കളുടെ ഹരവുമായ ധോണിയെയാണ് പെപ്‌സി ചാക്കിലാക്കിയിരിക്കുന്നത്. വരുന്ന ലോകകപ്പില്‍ പെപ്‌സി മുത്തിക്കുടിച്ച് ‘ദില്‍ മാംഗേ മോര്‍’ പറയുന്ന ധോണിയെ നമുക്ക് ടി വിയിലൂടെ കാണാം.

ധോണിയെ പെപ്‌സി വീഴ്ത്തിയതോടെ സച്ചിനെ ലക്ഷ്യമിട്ടാണ് എതിരാളികളായ കൊക്കക്കോള രംഗത്തെത്തിയിട്ടുള്ളത്. നേരത്തേ പെപ്‌സിയുടെ അംബാസിഡറായിരുന്നു സച്ചിന്‍. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. ഈയവസരം മുതലാക്കാനാണ് കൊക്കക്കോളയുടെ നീക്കം. പ്രായമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞായ സച്ചിനെ കുപ്പിയിലാക്കിയാല്‍ അത് കമ്പനിയുടെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്നത് കോളയ്ക്ക് നന്നായറിയാം.

2011 ലോകകപ്പ് ഏഷ്യാ ഭൂഖണ്ഡത്തില്‍ നടക്കുന്ന എന്നതാണ് പരസ്യകമ്പനികളെ ഇന്ത്യന്‍ താരങ്ങളുടെ പിറകേപോകാന്‍ നിര്‍ബന്ധിതരാക്കിയത്. സച്ചിനുമായി ഹ്രസ്വകാല കരാറുണ്ടാക്കാനാണ് ശ്രമമെന്ന് കൊക്കക്കോള വ്യക്തമാക്കിയിട്ടുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അവസാന ലോകകപ്പായിരിക്കും ഇത്. സച്ചിനെ കൂടാതെ മറ്റു പല ‘സെലിബ്രിറ്റിക’ളെയും ചാക്കിലാക്കാന്‍ കോള ശ്രമം തുടങ്ങിക്കഴിഞ്ഞു.

ധോണിയുടെ താരമൂല്യമാണ് പെപ്‌സിയെ ആകര്‍ഷിച്ചിരിക്കുന്നത്. പരസ്യകരാറുകളില്‍ സച്ചിനെ പിന്തള്ളി ധോണി ഈയിടെ ഒന്നാമതെത്തിയിരുന്നു. ചെറിയ കാലയളവിനുള്ളില്‍ പരസ്യവിപണിയില്‍ നടത്തിയ മുന്നേറ്റം ധോണിയെ സകല ബ്രാന്‍ഡുകളുടേയും കണ്ണിലുണ്ണിയാക്കി.

ധോണിയും സച്ചിനും തമ്മില്‍ പരസ്യവിപണിയില്‍ ഒരു ശീതയുദ്ധം നടക്കുന്നുണ്ട് എന്നത് വ്യക്തമാണ്. പരസ്യവരുമാനത്തില്‍ ധോണി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഗ്രൗണ്ടിനകത്തും പുറത്തുമുള്ള ധോണിയുടെ പ്രകടനം കമ്പനികളെ വല്ലാതാകര്‍ഷിച്ചു. ധോണിയുടെ പ്രഭാവത്തില്‍ ചില കമ്പനികളെങ്കിലും സച്ചിനെ ഒഴിവാക്കുകയായിരുന്നു. പെപ്‌സിയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.

എന്നാല്‍ മാന്യത വിട്ടൊരു കളിക്കും തയ്യാറല്ലെന്ന് സച്ചിന്‍ ഈയിടെ വ്യക്തമാക്കിയിട്ടുണ്ട്. കോടികളുടെ കരാറുമായി തന്നെ സമീപിച്ച മദ്യകമ്പനിയോട് മദ്യപരസ്യത്തിലൂടെ കരാറുണ്ടാക്കേണ്ട ഗതികേടിലല്ല താന്‍ എന്ന് സച്ചിന്‍ വ്യക്തമാക്കിക്കഴിഞ്ഞു. മരിക്കുന്നതിന് മുമ്പ് അച്ഛന് നല്‍കിയ ഉറപ്പാണ് ണ് മദ്യം-മയക്കുമരുന്ന് കമ്പനികളുടെ പരസ്യത്തില്‍ അഭിനിയിക്കില്ല എന്നത്. ഇതാണ് കരാറില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സച്ചിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ ധോണിയുടെ കാര്യം അങ്ങിനെയല്ല. ചെറുപ്പക്കാരന്‍, യവാക്കളുടേയും യുവതികളുടേയും ഹരം, വിവാഹം കഴിഞ്ഞതൊന്നും ധോണിയുടെ താരമൂല്യത്തെ ബാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്തുപരസ്യത്തിനും ധോണി റെഡി.

മദ്യരാജാവ് വിജയ് മല്യയുടെ യുണൈറ്റഡ് ബിവറിജസ് (യു ബി ) ഗ്രൂപ്പുമായി 26 കോടിയുടെ കരാറിലാണ് ധോണി ഒപ്പിട്ടിരിക്കുന്നത്. മാക്‌സ് മൊബൈലുമായുള്ള ഏഴുവര്‍ഷകരാര്‍ 29 കോടി രൂപയ്ക്ക് പുതുക്കിയതിന് തൊട്ടുപിറകേയായിരുന്നു പുതിയ കരാര്‍.

നിലവില്‍ 14ലധികം പ്രമുഖ ബ്രാന്‍ഡുകളുടെ അംബാസിഡറാണ് സച്ചിന്‍. ഐ ടി സി, ആഡിഡാസ്, കാനോയി, അവീവ ഇന്‍ഷുറന്‍സ്, തോഷിബ തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതാണ്. ധോണിയും പിന്നിലല്ല. റീബൊക്ക്, എയര്‍സെല്‍, കൈതാന്‍, യു ബി തുടങ്ങിയവയുമായാണ് ധോണിയുടെ കരാര്‍.

എന്തായാലും ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള കമ്പോള യുദ്ധം തുടങ്ങിക്കഴിഞ്ഞു. കോടികള്‍ എറിഞ്ഞ് ശതകോടികള്‍ വാരുന്ന പരസ്യയുദ്ധത്തിന് കണ്ണുംകാതും കൂര്‍പ്പിച്ച് കാത്തിരിക്കാം.

Advertisement