ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടകേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. ആവശ്യമെങ്കില്‍ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ബെഞ്ചിനാണ് കേസ് വിട്ടിരിക്കുന്നത്.


Also Read: ‘നിങ്ങളുടെ മോഹമൊന്നും കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ല മിസ്റ്റര്‍ കുമ്മനം’; കുമ്മനത്തിന്റെ തുറന്ന കത്തിനു മറുപടിയുമായി കോടിയേരി


സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നും, ഭരണഘടന അനുവദിക്കുന്ന ആരാധന സ്വാതന്ത്രത്തിന്റെ ലംഘനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാകും ബെഞ്ച് പരിശോധിക്കുക. കേരള ഹിന്ദുക്ഷേത്രാചര ചട്ടത്തിലെ 3 (ബി)വകുപ്പും ബെഞ്ച് പരിശോധിക്കും.

ശബരിമലയില്‍ പ്രായഭേദമന്യ എല്ലാസ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഹര്‍ജിയില്‍ നേരത്തേ വിവിധ സന്നദ്ധ സംഘടനകളോടും ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോടും കോടതി അഭിപ്രായം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മുന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാബെഞ്ചിനു വിട്ടത്.

നേരത്തെ സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഈ സത്യവാങ്ങ്മൂലം പിന്‍വലിച്ച് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാട് മുന്നോട്ട് വച്ചിരുന്നു.