Administrator
Administrator
ശബരിമല: മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു
Administrator
Wednesday 30th September 2009 12:27pm

vs-achuthanandan_23-rwതിരുവനന്തപുരം: ശബരിമല വികസനത്തിന് സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ പക്കലുണ്ടായിരുന്ന നിലയ്ക്കല്‍ എസ്‌റ്റേറ്റ് കൈമാറ്റം ചെയ്യുന്ന രീതിയെ കുറിച്ചും കോര്‍പറേഷന് ദേവസ്വം ബോര്‍ഡ് നല്‍കേണ്ട നഷ്ടപരിഹാരം, ജീവനക്കാര്‍ക്കു നല്‍കേണ്ട ഗ്രാറ്റുവിറ്റി തുടങ്ങിയവ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ധനകാര്യം, കൃഷി, തൊഴില്‍, ദേവസ്വം മന്ത്രിമാര്‍ അടങ്ങുന്നതാണ് സമതി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

2009 -10 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി അടങ്കല്‍ തുക നേരെത്തെ പ്രഖ്യാപിച്ചിരുന്ന 8660 കോടിയില്‍ നിന്ന് 8920 കോടി രൂപയായി ഉയര്‍ത്തുവാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
മണല്‍ ക്ഷാമം പരിഹരിക്കുന്നതിന് നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കും. വ്യവസായ പ്രിന്‍സിപല്‍ സെക്രട്ടറി, കെഎസ്ആര്‍ടിസി എംഡി, തൃശൂര്‍ കലക്ടര്‍ എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍. സമിതി കഴിയുന്നത്ര വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാനായി മുന്‍ ചീഫ് സെക്രട്ടറി കെ.ജെ. മാത്യുവിനെ നിയമിക്കുവാനും ആലപ്പുഴ കോമളപുരം കേരള സ്പിന്നേഴ്‌സ് സര്‍ക്കാര്‍ ഏറ്റെറടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യുവാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

രണ്ടാം ഭരണപരിഷ്‌കാര കമ്മിഷനിലെ ഇ ഗവേണന്‍സ് ശുപാര്‍ശകള്‍ അംഗീകരിച്ച് ഇതിന്റെ ഭാഗമായി ബിസിനസ് പ്രോസസിങ് റീ എന്‍ജിനീയറിങ് സെല്‍ രൂപീകരിക്കുവാനും തീരുമാനമായി.
ജലഗതാഗത വുകുപ്പിനു കീഴിലുള്ള ബോട്ടുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും ബോട്ടിലെ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. കോട്ടയം ജില്ലയിലെ വൈക്കം വില്ലേജില്‍ 65 സെന്റ് ഭൂമി കോടതി സമുച്ചയം സ്ഥാപിക്കുന്നതിനായി നീതിന്യായ വകുപ്പിനു കൈമാറും,കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 29 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും, ആലപ്പുഴ ചെറിയനാട് വില്ലേജില്‍ 22 സെന്റ് ഭൂമി കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് പഞ്ചായത്തിനു കൈമാറും എന്നിവയാണ് ഇന്നത്തെ സുപ്രധാന മന്ത്രിസഭ യോഗ തീരുമാനങ്ങളെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Advertisement