എഡിറ്റര്‍
എഡിറ്റര്‍
ശബരിമലയില്‍ സമാന്തരണ ഭരണം; മാധ്യമങ്ങള്‍ക്ക് പ്രശംസ
എഡിറ്റര്‍
Tuesday 27th November 2012 12:32pm

കൊച്ചി: ശബരിമലയില്‍ സമാന്തരഭരണം മാത്രമാണ് നടക്കാന്‍ സാധ്യതയെന്ന് ഹൈക്കോടതി. ശബരിമലയില്‍ ചീഫ് കമ്മീഷണറുടെ അധികാരമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.  ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്ന അപ്പത്തിന്റെ നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും സ്‌പെഷ്യല്‍ കമ്മീഷണറും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ നിര്‍ദേശം. അരവണ പാക്കിങ് മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം.

Ads By Google

അപ്പത്തിന്റെയും അരവണയുടെയും ശുചിത്വം എല്ലാ ദിവസവും ഉറപ്പുവരുത്തണമെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൂപ്പല്‍ ബാധിച്ച അപ്പം നശിപ്പിച്ചുകളഞ്ഞത് നന്നായെന്നും കോടതി നിരീക്ഷിച്ചു.

ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റീസ് തോട്ടത്തില്‍ .ബി രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പുതിയ ദേവസ്വം ബോര്‍ഡ് ചുമതലയേറ്റശേഷം സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, അപ്പത്തിലെ പൂപ്പല്‍ വിഷയം മാധ്യമങ്ങള്‍ അനാവശ്യമായി പെരുപ്പിച്ച് കാട്ടിയതാണെന്നും മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. എന്നാല്‍ വാദം തള്ളിയ കോടതി മാധ്യമങ്ങള്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിരീക്ഷിച്ചു.

കേരളത്തിലെ മാധ്യമങ്ങള്‍ വളരെ മാന്യമായി പെരുമാറുന്നെന്നും അന്യസംസ്ഥാനങ്ങളിലെ മാധ്യമങ്ങളെക്കുറിച്ച് ബോര്‍ഡ് എന്താണ് പറയുന്നതെന്നും കോടതി ആരാഞ്ഞു. അപ്പത്തിലെ പൂപ്പല്‍ സംബന്ധിച്ച ലാബ് റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കെ. ജയകുമാറിനോട് ശബരിമലയിലെ ചീഫ് കോഡിനേറ്റിങ് കമ്മീഷണറായി സ്ഥാനമേല്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Advertisement