കൊച്ചി: മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപം മനുഷ്യനിര്‍മിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

മകരവിളക്ക് ദിവ്യമാണെന്ന് ഒരിക്കല്‍ പോലും ദേവസ്വം ബോര്‍ഡ് അവകാശപ്പെട്ടിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് എത്രയോ മുന്‍പേ ആദിവാസികള്‍ ഈ ആചാരം നടത്തിയിരുന്നു എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

കോടതിയുടെ അനുമതിയോടുകൂടി ശബരിമലയിലെ ശാന്തിക്കാരനെ നിയോഗിച്ച് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്താന്‍ തയാറാണെന്നും ഇതിന് വനം, പോലീസ്, കെഎസ്ഇബി വകുപ്പുകളുടെ സഹായം നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദീപം തെളിയിക്കല്‍ നിര്‍ത്തിയാല്‍ അത് വിശ്വാസികളില്‍ ഏറെ ദു:ഖമുണ്ടാക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറയുന്നു.