തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെഎസ്ഐഡിസിയെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ച് ആംരംഭിക്കുന്ന വിമാനത്താവളം എരുമേലിയിലാണ് നിര്‍മിക്കുകയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളം എവിടെയായിരിക്കും എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.


Dont Miss ഷൂട്ടിങ് ലൊക്കേഷനില്‍ ജീവനക്കാരെ സഹായിക്കുന്ന മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു


പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡുഗതാഗതമാര്‍ഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗമോ, എം.സി റോഡ് എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗം.

അങ്കമാലി-ശബരി റയില്‍പാത നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസമായി നില്‍ക്കുന്നുണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ തസ്തികകള്‍ സഷ്ടിക്കാനും തീരുമാനമായി.