ന്യൂദല്‍ഹി: സാര്‍ക് രാഷ്ട്രങ്ങളുടെ പ്രതിനിധികളുടെ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും വിദേശകാര്യ സെക്രട്ടറിമാരുടെ നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. ഏറെ പ്രതീക്ഷയോടെയാണ് ചര്‍ച്ചയെ കാണുന്നതെന്ന് നിരുപമാ റാവുവും പാക് വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര സുഗമമാവില്ലെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയം ഇന്ത്യയും സംഝോത്താ സ്‌ഫോടനം പാക്കിസ്ഥാനും ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് സാധ്യത. കാവി ഭീകരത പ്രശ്‌നം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് സല്‍മാന്‍ ബഷീര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഉപാധികളൊന്നുമില്ലാത്ത ചര്‍ച്ചയ്ക്കാണ് ഇന്ത്യക്ക് താല്‍പ്പര്യമെന്ന് നിരുപമ റാവു പറഞ്ഞു. 26/11 മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന നിലപാട് പാക്കിസ്ഥാന്‍ തിരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെടും.

എന്നാല്‍ ഇന്ത്യയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും സംഝോത്താ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഒന്നും ചെയ്യുന്നില്ലെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഇരുരാഷ്ട്രങ്ങളിലേയും വിദേശ സെക്രട്ടറിമാര്‍ കറാച്ചിയില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വലിയ പുരോഗതിയുണ്ടായിരുന്നില്ല.