കൊച്ചി: പാര്‍ട്ടി മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്ര പിള്ള. യു.ഡി.എഫിലെ തര്‍ക്കങ്ങളില്‍ സി.പി.ഐ.എമ്മിനെ വിലപേശാനുള്ള ആയുധമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫ് വ്യക്തമായ നയസമീപനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ്. യു.ഡി.എഫിലെ പാര്‍ട്ടികള്‍ക്ക് നയപരമായ വിയോജിപ്പുണ്ടെങ്കില്‍ അവര്‍ പുറത്തുവരട്ടെ.

Ads By Google

എല്‍.ഡി.എഫിനെ സംബന്ധിച്ച് നയപരമായ നിലപാടുകളാണ് പ്രധാനം. യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തീര്‍ത്തുകൊടുക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്നും എസ്.ആര്‍.പി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം മാണി എല്‍.ഡി.എഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് രാമചന്ദ്ര പിള്ളയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മാണി  വരുന്നതിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ മറ്റു കക്ഷികളെ തീരുമാനിക്കേണ്ടത് എല്‍.ഡി.എഫ് ആണെന്നുമായിരുന്നു വി.എസ് ഇന്നലെ പറഞ്ഞിരുന്നത്.

എന്നാല്‍ മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

അതേസമയം ക്ഷണത്തിന് നന്ദിയെന്നും ഇപ്പോള്‍ അങ്ങോട്ടില്ലെന്നുമായിരുന്നു കെ.എം മാണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ മുന്നണി ബന്ധങ്ങള്‍ ശാശ്വതമല്ലെന്ന മാണിയുടെ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

മുന്നണിയില്‍ നിന്ന് ആരും വേര്‍പിരിഞ്ഞ് പോകില്ലെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മാണിയുടെ മറുപടി. മാണിയുടെ പ്രസ്താവനയെ ഇന്നലെ രാമചന്ദ്ര പിള്ള സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.