ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പാക്കാനെത്തിയ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടി തരംതാണ നാടകമെന്ന് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍. അതിനു കൂട്ടു നില്‍ക്കുന്ന റവന്യൂ മന്ത്രിയ്ക്ക് വേറെ പണിയില്ലേയെന്നും എം.എല്‍.എ ചോദിക്കുന്നു. റവന്യൂ മന്ത്രിയുള്‍പ്പടെയുള്ളവര്‍ സി.പി.ഐ.എമ്മിനെ മോശക്കാരാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. മാധ്യമങ്ങളെ കൂട്ടു പിടിച്ച് സബ്കളക്ടര്‍ ഹീറോയാകാന്‍ ശ്രമിക്കുകയാണെന്നും എം.എല്‍.എ ആരോപിക്കുന്നു.

അതേസമയം മൂന്നാറില്‍ ശക്തമായ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച്ച കളക്ടര്‍ കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതനുസരിച്ച് നടപടികളുമായി മുന്നോട്ടു പോകുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

നേരത്തെ മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇടതു മുന്നണിയെ പിടിച്ചുലക്കുമ്പോള്‍ സബ്കളക്ടറെ അഭിനന്ദിച്ച് റവന്യൂമന്ത്രി രംഗത്ത് എത്തിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകണമെന്നും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും റവന്യൂമന്ത്രി ശ്രീറാമിനെ അറിയിച്ചു.

ഇന്നലെ ദേവികുളത്തെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോള്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.

മൂന്നാര്‍ വിഷയത്തില്‍ സി.പി.ഐക്കും മാധ്യമങ്ങള്‍ക്കുമെതിരെ മന്ത്രി എം.എം മണിയുടെ വിമര്‍ശനം വന്നതിന് പിന്നാലെയാണ് റവന്യൂമന്ത്രി ശ്രീറാമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു.


Also Read: ‘സാത്താന്‍ ബാധയൊഴിഞ്ഞ് കേഡല്‍’; കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് പുതിയ മൊഴി


ഇന്നലെ ദേവികുളം ടൗണിന് സമീപത്തെ കച്ചേരി സെറ്റില്‍മെന്റിലെ പത്തുസെന്റ് സ്ഥലം ഒഴിപ്പിക്കാനാണ് സബ്കളക്ടര്‍ അഞ്ചംഗസംഘത്തെ നിയോഗിക്കുന്നത്. ഇവരെ സി.പി.ഐ.എം അംഗവും ദേവികുളം ഗ്രാമപഞ്ചായത്ത് അംഗവുമായ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയ സബ്കളക്ടറോടും സംഘം തട്ടിക്കയറുകയായിരുന്നു.

റവന്യു ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സബ്കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും പൊലീസുകാര്‍ അനുസരിക്കുകയുമുണ്ടായില്ല. ഈ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ അറിയിച്ചിട്ടുണ്ട്.