തിരുവനന്തപുരം: ഭൂമി കയ്യേറിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്. രാജേന്ദ്രന്‍ എം.എല്‍.എ നിയമസഭയില്‍.

എട്ടു സെന്റിന്റെ ജന്മിയാണ് താനെന്നും കയ്യേറ്റത്തെക്കുറിച്ചോ ഒഴിപ്പിക്കലിനെക്കുറിച്ചോ പറയാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.

സബ് കലക്ടറെ കുഴപ്പത്തില്‍ ചാടിക്കുന്നത് മാധ്യമങ്ങളാണെന്നും അല്ലാതെ അക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.


Dont Miss എ.ടി.എം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ ഉത്തരവ് എസ്.ബി.ഐ പിന്‍വലിച്ചു 


എന്നാല്‍ രാജേന്ദ്രന്റേത് കയ്യേറ്റഭൂമിയാണെന്നതില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. പൊതുമരാമത്ത് ഭൂമിയാണ് രാജേന്ദ്രന്‍ കയ്യേറിയതെന്ന് പി.ടി. തോമസ് ആരോപിച്ചു.

രാജേന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് ഭൂമിയുടെ പട്ടയം വ്യാജമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ ചോദ്യത്തിന് മറുപടിയായാണ് റവന്യൂ മന്ത്രി ഇക്കാര്യം പറഞ്ഞത്.

എസ്. രാജേന്ദ്രന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയാണെന്നും റവന്യൂ മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ റവന്യൂ മന്ത്രി പറയുന്നത് കള്ളമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞ കള്ളം മന്ത്രി അതേപടി ആവര്‍ത്തിക്കുകയാണെന്നുമായിരുന്നു രാജേന്ദ്രന്റെ മറുപടി.