ന്യൂദല്‍ഹി: ഇസ്ലാമാബാദില്‍ തുടങ്ങുന്ന ഇന്ത്യാ-പാക് വിദേശകാര്യ ചര്‍ച്ചകള്‍ക്കായി വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ഇന്ന് പാക്കിസ്ഥാനിലേക്ക് തിരിക്കും. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളാവും ചര്‍ച്ചയിലെ മുഖ്യവിഷയം. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പിനെക്കുറിച്ചും കൃഷ്ണ ചര്‍ച്ച നടത്തിയേക്കും.

മുംബൈ ആക്രമണക്കേസ് മുഖ്യപ്രതി ഹാഫിസ് സയ്യിദിനും സഖിയുര്‍ ലഖ്‌വിക്കുമെതിരേ നടപടിയെടുക്കണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നാണ് സൂചന. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ ബന്ധം വഷളായിരുന്നു. ബന്ധം പുനസ്ഥാപിക്കാനായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യസെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.