ന്യൂദല്‍ഹി: നവംബര്‍ മാസത്തില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ.

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ തക്കതല്ല ഇപ്പോഴത്തെ സാഹചര്യമെന്ന് എസ്.എം. കൃഷ്ണ മന്‍മോഹന്‍ സിങ്ങിനെ ഉപദേശിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശനശേഷം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൃഷ്ണ ഇക്കാര്യം പറഞ്ഞത്.

Ads By Google

ഇരുരാജ്യങ്ങളും തമ്മിലുള്ള പല വിഷയങ്ങളിലും വ്യക്തവും ശക്തവുമായ നടപടികള്‍ വേണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നടപടിയെടുക്കാമെന്ന ഉറപ്പിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്ന വിലയിരുത്തലാണത്രേ കൃഷ്ണ പ്രധാനമന്ത്രിയുമായി പങ്കുവച്ചത്.

മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ ഇനിയും തയാറായിട്ടില്ലെന്നതാണ് കൃഷ്ണയെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്.

ഉറപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ സന്ദശനം ഉചിതമല്ലെന്നും ഉഭയകക്ഷി ബന്ധപരമായി വ്യക്തമായ പ്രയോജനമുണ്ടെങ്കിലേ സന്ദര്‍ശനംകൊണ്ട് കാര്യമുള്ളുവെന്നും കൃഷ്ണ പറഞ്ഞുവെന്നാണ് സൂചന.

എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ വിദേശകാര്യ വക്താവ് വിസമ്മതിച്ചു. ഉന്നതരായ രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളാണെന്നും വക്താവ് പറഞ്ഞു.