ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പാക്കിസ്ഥാനിലെത്തി. ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീര്‍, പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സഭര്‍വാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Ads By Google

സമാധാനപരമായ ഉഭയകക്ഷിചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം വളര്‍ത്തിയെടുക്കുന്നതിന് തടസമാകുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇരുരാജ്യത്തിനും ബാധ്യതയുണ്ട്. സ്ഥിരതയും സമാധാനവും പുലരുന്ന പാക്കിസ്ഥാനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എസ്.എം കൃഷ്ണ പറഞ്ഞു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും പരസ്പര വിശ്വാസത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യം ഉടലെടുക്കണം. ആ ഒരു ലക്ഷ്യത്തോടെയാണ് തന്റെ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ആക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ പിടിയിലായവരുടെ വിചാരണ വൈകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ ഉള്‍പ്പെടെയുളളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.