കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിലെ പൊലീസ് നടപടിയുടെ ക്രഡിറ്റ് ‘അവള്‍ക്കുള്ളതാണെന്ന്’ മാധ്യമപ്രവര്‍ത്തകന്‍ എസ്. ലല്ലു. നാണക്കേട് ഭയന്ന് മിണ്ടാതിരിക്കാതെ മുന്നോട്ടുപോകാന്‍ തീരുമാനിച്ച നടിയെയും അതിന് അവര്‍ക്കൊപ്പം നിന്നവരെയും അഭിനന്ദിച്ചാണ് ലല്ലു രംഗത്തുവന്നിരിക്കുന്നത്.

കേസില്‍ പൊലീസ് നിലപാടിനെ പ്രശംസിച്ച ലല്ലു കേസിനു പിറകേ പോയ മാധ്യമപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ലല്ലുവിന്റെ അഭിനന്ദനം.

ക്രെഡിറ്റ് അവള്‍ക്കുള്ളതാണ്. നാണക്കേട് ഭയന്ന് മിണ്ടാതിരിക്കാനല്ല മുന്നോട്ട് പോകാന്‍ തീരുമാനിച്ച ആ നടിക്ക്. അവര്‍ക്കൊപ്പം നിന്നവര്‍ക്ക്. തലയുയര്‍ത്തി നില്‍ക്കുന്ന പൊലീസിന്. രാവും പകലുമില്ലാതെ, വിശ്രമമില്ലാതെ വാര്‍ത്തയ്ക്ക് പിന്നാലെ പാഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക്. ഈ ഓട്ടത്തിനിടെ എന്തെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ കേട്ടു. ഇതിലല്ല, ഏത് സംഭവത്തിലും അതാണ് പതിവ്. നിനക്കൊന്നും വേറേ പണിയൊന്നുമില്ലേടാ എന്നാണ് ചോദ്യം.


Also Read: ജയിലിലേക്ക് അയക്കരുത്; എന്നെ കുടുക്കിയതാണ്; പൊട്ടിക്കരഞ്ഞ് ദിലീപ് ; പ്രത്യേക സെല്‍ വേണമെന്ന ആവശ്യം തള്ളി


ഏത് വാര്‍ത്തയ്ക്ക് പിന്നാലെ പോയാലും ഇത് കേള്‍ക്കാം. ചുമ്മാതല്ല നിന്നെയൊക്കെ വക്കീലന്മാര് തല്ലിയത്. അതാണ് അടുത്ത ഡയലോഗ്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ സിനിമാക്കാര് മാധ്യമ പ്രവര്‍ത്തകരെ കൂകി വിളിച്ചപ്പോഴും ,അവന്മാര്‍ക്കത് വേണം എന്നായിരുന്നു പലരുടേയും പ്രതികരണം. ഇതിനെല്ലാമിടയില്‍ ഒരു പേരും. നാലാം ലിംഗക്കാര്‍. വാര്‍ത്ത കൊടുത്തതിനാണ് വക്കീലന്മാര് തല്ലിയതെന്ന് ഞങ്ങള്‍ക്കറിയാം.

ചോദ്യം ചോദിച്ചതിനാണ് സിനിമാക്കാര് കൂകിയതെന്ന് ഞങ്ങള്‍ക്കറിയാം. ആക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും ശ്രദ്ധിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്യുകയാണ്. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം മാത്രമല്ല, ജിഷക്കേസിലും, മിഷേലിന്റെ ദുരന്തത്തിലും നഴ്‌സുമാരുടെ ദുരിതത്തിലും എല്ലാം മാധ്യമ പ്രവര്‍ത്തകരുണ്ട്. ഞങ്ങള്‍ക്കിത് ജോലിയാണ്. കോയമ്പത്തൂരില്‍ സി ഡി തപ്പി പ്പോകുന്നതും തൃശൂര്‍ പൂരം കവര്‍ ചെയ്യുന്നതും മെഡിക്കല്‍ കോളേജില്‍ വെള്ളം തീര്‍ന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതും എല്ലാം ഞങ്ങള്‍ തന്നെയാണ്.

വാച്ചിനൊപ്പം ജോലി ചെയ്യുന്നവരല്ല. കൃത്യമായി ശമ്പളം കിട്ടുന്നവരും അത് കിട്ടിയിട്ട് മാസങ്ങളായവരും ഉണ്ട്. ഭാര്യ ലേബര്‍ റൂമില്‍ കുട്ടിക്ക് ജന്മം നല്‍കുമ്പോള്‍ മഴയത്ത് ക്യാമറക്ക് മുന്നില്‍ മൈക്കും പിടിച്ച് ദിലീപിന്റെ ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ ലോകത്തെ അറിയിക്കേണ്ടി വരുന്ന സഹിന്‍ ആന്റണിമാരുണ്ട്.

നാളെയും വക്കീലന്മാര്‍ തല്ലിയെന്നിരിക്കും. പുതിയ വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയെന്നിരിക്കും. ഞങ്ങളിവിടെത്തന്നെ കാണും…. വാര്‍ത്തകള്‍ക്കൊപ്പം. കല്ലുകളും പൂക്കളും ഒരു പോലെ സ്വീകരിച്ച് കൊണ്ട്.