കോട്ടയം: തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ എസ്.എഫ്.ഐ. കോട്ടയം ജില്ലാകമ്മിറ്റിയംഗവും മുന്‍ സംസ്ഥാനകമ്മിറ്റിയംഗവും മരിച്ചു.

എസ്.എഫ്.ഐ. കോട്ടയം ജില്ലാകമ്മിറ്റിയംഗവും എം.ജി.സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ജിനീഷ് ജോര്‍ജ്(25), മുന്‍ സംസ്ഥാനകമ്മിറ്റിയംഗം സതീഷ് പോള്‍(29)എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.

Ads By Google

ഇന്നലെ വൈകീട്ട് ഏഴോടെ തമിഴ്‌നാട്ടിലെ രാമനാഥപുരത്തായിരുന്നു അപകടം. മധുരയില്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് അപകടം. കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞതാണ് അപകടകാരണം. എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

പാലാ പരമലക്കുന്ന് മറ്റത്തില്‍ ജോര്‍ജ്-എത്സി ദമ്പതിമാരുടെ മകനാണ് ജിനീഷ്. എം.ജി.സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ നിന്ന് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി.

എസ്.എഫ്.ഐ. കോട്ടയം ഏരിയാ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച സതീഷ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മല്ലപ്പള്ളി ചാമക്കാലായില്‍ പരേതനായ പോള്‍ റോസമ്മ (ബഹ്‌റൈന്‍)ദമ്പതിമാരുടെ മകനാണ്. സഹോദരന്‍: സന്തോഷ്.

ഇവരുടെ കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് സാജന്‍ മാത്യു, എസ്.എഫ്.ഐ. കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗവും കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായ അലക്‌സ് പുന്നൂസ്, ഡി.വൈ.എഫ്.ഐ കോത്തല മേഖലാ പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജിനീഷിന്റെയും സതീഷിന്റെയും മൃതദേഹം രാമനാഥപുരം ഗവ. ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.