തിരുവനന്തപുരം: എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചു നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നോട്ടു നീങ്ങിയതു പോലീസ് തടയാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനിടയാക്കിയത്. വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നു കല്ലേറുണ്ടായതിനെത്തുടര്‍ന്നു പോലീസ് ലാത്തി വീശി. കൂടുതല്‍ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

അക്രമത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് എസ്.എഫ്.ഐ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ആലപ്പുഴ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായിരുന്നു.