പാലക്കാട്: വിഭാഗീയപ്രവര്‍ത്തനത്തെ തുടര്‍ന്ന് സി പി ഐ എം തരംതാഴ്ത്തിയ മുന്‍ എം പി എസ് അജയകുമാറിനെ പാലക്കാട് ജില്ലാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞദിവസം സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്.

വിഭാഗീയപ്രവര്‍ത്തനം നടത്തിയതിന്റേ പേരിലാണ് അജയകുമാറിനെ പുറത്താക്കിയത്. സംസ്ഥാനത്തെയും പാലക്കാട് ജില്ലയിലെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് അജയകുമാറിനെ തിരിച്ചെടുത്തതെന്നാണ് സൂചന. നേരത്തേ പാലക്കാട് നഗരസഭയില്‍ നിന്നും പുറത്താക്കിയ എം ആര്‍ മുരളി കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എസ് ശിവരാമന്‍ നേരത്തേ സി പി ഐ എം വിട്ടതും പുതിയ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു.

ജില്ലാകമ്മറ്റിയില്‍ തിരിച്ചെടുത്തത് അജയകുമാറിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നേരത്തേ വി എസ് അനുകൂല നിലപാടെടുത്തിരുന്ന അജയകുമാര്‍ ഈയിടെ ഔദ്യോഗികപക്ഷവുമായി അടുത്തു പ്രവര്‍ത്തിച്ചു വരികയാണ്.