എഡിറ്റര്‍
എഡിറ്റര്‍
എസ്.ഐ.ടിയില്‍ അണുബാധമൂലം മരിച്ചത് 14 കുട്ടികള്‍
എഡിറ്റര്‍
Monday 4th June 2012 2:32pm

തിരുവനന്തപുരം: എസ്.എ.ടി. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയില്‍ അണുബാധ മൂലം 14 ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതുവരെ 192 കുട്ടികള്‍ക്ക് അണുബാധയേറ്റു. മറ്റ് ആശുപത്രിയില്‍ നിന്നുള്ള 104 കുഞ്ഞുങ്ങള്‍ക്ക് അണുബാധയേറ്റു.

എസ്.എ.ടി ആശുപത്രയിലെ സൂപ്രണ്ടാണ് രേഖ സമര്‍പ്പിച്ചത്. ഔട്ട്‌ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച 168 കുട്ടികളും ഈ കാലയളവില്‍ മരിച്ചെന്നാണ് രേഖ വ്യക്തമാക്കുന്നത്. പൊതുപ്രവര്‍ത്തകനായ പി.കെ.രാജീവിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

മറ്റ് ആസ്പത്രികളില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായതിനുശേഷം ഔട്ട്‌ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളാണ് മരിക്കുന്നത്. ഇതില്‍ അണുബാധമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്. എന്നാല്‍ ഔട്ട്‌ബോണില്‍ പ്രവേശിപ്പിച്ച കുട്ടികളെക്കാള്‍ കൂടുതല്‍ മരിച്ചത് ഇന്‍ബോണ്‍ നഴ്‌സറിയില്‍ ഉണ്ടായിരുന്ന നവജാത ശിശുക്കളാണെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്.

ഇന്‍ബോണ്‍, ഔട്ട്‌ബോണ്‍ നഴ്‌സറികളില്‍ പ്രവേശിപ്പിക്കുന്ന എല്ലാ കുട്ടികളെയും ബ്ലഡ് കള്‍ച്ചര്‍ ടെസ്റ്റിന് വിധേയമാക്കാറുണ്ട്. എന്നാല്‍ ഈ ടെസ്റ്റില്‍ പോസിറ്റീവാകുന്ന കുട്ടികള്‍ എല്ലാംതന്നെ അണുബാധമൂലം മരിക്കുന്നില്ലെന്ന് ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.എച്ച്.ശങ്കര്‍ പറഞ്ഞു. നഴ്‌സറികളും ഓപ്പറേഷന്‍ തിയേറ്ററുകളും മൈക്രോബയോളജി ലാബും എല്ലാ ദിവസവും വൃത്തിയാക്കി അണുവിമുക്തമാക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement