എഡിറ്റര്‍
എഡിറ്റര്‍
സൈനിക ആസ്ഥാനത്തെ കലാപം: ബംഗ്ലാദേശില്‍ 152 സൈനികര്‍ക്ക് വധശിക്ഷ
എഡിറ്റര്‍
Wednesday 6th November 2013 7:31am

bangladesh-fire

ധാക്ക: 2009-ല്‍ ബംഗ്ലാദേശിലെ സൈനിക ആസ്ഥാനത്ത്  നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ 152 അര്‍ധസൈനികര്‍ക്ക് വധശിക്ഷ. 158 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

271 പേരെ വെറുതെ വിട്ടു. 251 സൈനികരെ മൂന്ന മുതല്‍ പത്ത് വര്‍ഷം വരെ തടവിന് ശിക്ഷിച്ചു

കലാപത്തിന് നേതൃത്വം നല്‍കിയ ബംഗ്ലാദേശ് റൈഫിള്‍സ് ഡെപ്യൂട്ടി അസിസ്റ്റ്ന്റ് ഡയറക്ടറായിരുന്ന തൗഹീദ് അഹമ്മദും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ധാക്കയിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നേരത്തെ സൈനിക കോടതിയും ഇവര്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു.

26 സാധാരണജനങ്ങളടക്കം 846 പേരെയാണ് കോടതി വിചാരണ ചെയ്തത്.

പ്രതികള്‍ മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ചതായി കോടതി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.

അതിര്‍ത്തിരക്ഷാ സേനയായ ബംഗ്ലാദേശ് റൈഫിള്‍സിന്റെ ആസ്ഥാനമന്ദിരത്തിലായിരുന്നു കലാപം നടന്നത്. 2009 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 57 സൈനികരുള്‍പ്പെടെ 74 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടായിരുന്നു കലാപം. സേനാആസ്ഥാനത്ത് നിന്ന് മോഷ്ടിച്ച 2500-ഓളം വരുന്ന ആയുധങ്ങളുമായി കലാപകാരികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു.

റൈഫിള്‍സ് മേധാവിയുടെ വീട് ആക്രമിച്ച് അദ്ദേഹത്തിന്റെ ഭാര്യയെയും വീട്ടുജോലിക്കാരെയും അതിഥികളെയും കൊലപ്പെടുത്തിയിരുന്നു. പലരെയും ചുട്ടുകൊന്ന് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടി.

400 സൈനികരെ തടവിലാക്കിയ കലാപം 30 മണിക്കൂറിലേറെ നീണ്ടു നിന്നു.

2011 ഓഗസ്റ്റില്‍ പ്രത്യേക കോടതികളിലായിട്ടാണ് വിചാരണ ആരംഭിച്ചത്. വിവിധ കോടതികളുടെ വിധി പ്രകാരം 6000 സൈനികര്‍
കുറ്റക്കാരാണ്.

അതേസമയം വിധിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നുകഴിഞ്ഞു. വിചാരണ പ്രഹസനമായിരുന്നെന്ന് ന്യുയോര്‍ക്ക് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.

Advertisement