കൂടംകുളത്തെ സമരപ്പന്തല്‍


ആര്‍.വി.ജി മേനോന്‍

ണവ നിലയങ്ങള്‍ക്ക് ഒരിക്കലും ലോകത്തിന്റെ അടിസ്ഥാന ഊര്‍ജ സ്രോതസ്സ് ആകാന്‍ കഴിയില്ല. എന്തെന്നാല്‍, ഒന്നാമത് അതിന് വേണ്ടും മാത്രം യൂറേനിയം ലോകത്ത് ലഭ്യമല്ല.( ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ഉണ്ടായാലേ പറ്റൂ. അതാകട്ടെ ഇപ്പോഴത്തെ റിയാക്ടറുകളെക്കാളും പതിന്‍ മടങ്ങ് അപകട സാധ്യത ഉള്ളതും ആണ്.) രണ്ടാമത്, അമേരിക്കയ്ക്ക് സമ്മതം അല്ലാത്ത രാജ്യങ്ങള്‍ ആണവ ശേഷി കൈവരിക്കുന്നത് അവര്‍ സമ്മതിക്കില്ല. അവയില്‍ നിന്ന് ഉരുത്തിരിയുന്ന പ്ലൂട്ടോണിയം ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുമോ എന്നാണ് അവരുടെ പേടി. പിന്നെ എങ്ങനെയാണ് ആണവ ഊര്‍ജം ലോകത്തിന്റെ ഊര്‍ജ സ്രോതസ്സ് ആകുന്നത്?

ഇന്ത്യയുടെ ഊര്‍ജാവശ്യം മുഴുവന്‍ നിറവേറാന്‍ വേണ്ട യൂറേനിയം ഇവിടില്ല. ഇറക്കുമതി ചെയ്യേണ്ടി വരും. കല്‍ക്കരിയോ എണ്ണയോ ഇറക്കുമതി ചെയ്യുന്നത് പോലെയല്ല യൂറേനിയം ഇറക്കുമതി. അവര്‍ പറയുന്നിടത്ത് ഒപ്പിട്ടു കൊടുത്താല്‍ മാത്രമേ ഇന്ധനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിയൂ. താരാപ്പൂരിലെ റിയാക്ടറിന്റെ പേരില്‍ നാം ഇതെത്ര അനുഭവിച്ചതാണ്? എന്നിട്ടും ഇപ്പോള്‍ യൂറേനിയം മാത്രമല്ല റിയാക്ടര്‍ തന്നെ ഇറക്കുമതി ചെയ്തു, ഊര്‍ജ സുരക്ഷ നേടാം എന്നത് വ്യാമോഹം മാത്രം ആണ്. ഇപ്പോഴത്തെ വ്യത്യാസം അവര്‍ പറയുന്നത് നമുക്ക് സ്വീകാര്യം എന്ന് നാം കരുതുന്നു എന്ന് മാത്രം. അവരുടെ ഇംഗിതത്തിനു വിരുദ്ധമായി നാം എന്തെങ്കിലും നിലപാട് എടുത്താല്‍ നമ്മുടെ ഊര്‍ജരംഗം അപ്പാടെ സ്തംഭിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഈ കനത്ത വില കൊടുത്താലും 2030 -ല്‍ ഇന്ത്യക്ക് വേണ്ടുന്ന മൊത്തം ഊര്‍ജത്തിന്റെ പത്തു ശതമാനം പോലും ആണവ നിലയങ്ങളില്‍ നിന്ന് നമുക്ക് കിട്ടില്ല.

Ads By Google

ആണവ നിലയങ്ങളുടെ അപകടങ്ങളെ പറ്റി നേരത്തെ ഉണ്ടായിരുന്ന വിമര്‍ശങ്ങള്‍ക്ക് ഒന്നും ഇപ്പോഴും തൃപ്തികരമായ സമാധാനം കിട്ടിയിട്ടില്ല. ആണവ മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കും എന്നതിനു ഇപ്പോഴും ഉത്തരം ഇല്ല. ലോകത്തുള്ള എല്ലാ ആണവ നിലയങ്ങളിലെയും ആണവ മാലിന്യങ്ങള്‍ ഇപ്പോഴും അന്തിമ പരിഹാരം കാത്തു സൂക്ഷിച്ച് വച്ചിരിക്കുകയാണ്. അതിന്റെ ഭാരം അടുത്ത തലമുറയിലേക്കു നാം പകര്‍ന്നു കൊടുക്കുന്നു. ആണവ വൈദ്യുതിയുടെ ചെലവ് കണക്കാക്കുമ്പോള്‍ ഈ ചെലവോ, ആണവ നിലയം ആയുസ്സ് കഴിഞ്ഞാല്‍ പൊളിച്ചടക്കി സംസ്‌കരിക്കുന്നതിന്റെ ചെലവോ ഉള്‍പ്പെടുന്നില്ല. അതും നാം അടുത്ത തലമുറയ്ക്ക് കൈമാറുന്നു. ത്രീ മൈല്‍ ഐലന്റ്, ചെര്‍ണോബില്‍, ഇപ്പോള്‍ ഫുകുഷിമ … ആണവ അപകടങ്ങള്‍ ഉണ്ടാകും എന്ന് തന്നെ നാം കരുതണം. ഇതൊക്കെ ‘അവരുടെ’ നിലയങ്ങളിലെ ഉണ്ടാകൂ, നമ്മുടെ നിലയങ്ങളില്‍ ഉണ്ടാവില്ല, എന്ന നിലപാട് മണ്ടത്തരം അല്ലെ ? ഇത്തരം ഒരു അപകടം പോലും താങ്ങാനുള്ള ശേഷി നമ്മുടെ രാജ്യത്തിന് ഉണ്ടോ? ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ ഭാവി ആണവ ഊര്‍ജത്തില്‍ ഒരിക്കലും സുരക്ഷിതം ആവില്ല.

പകരം എന്തുണ്ട്?

ആത്യന്തികമായി സൗരോര്‍ജത്തിനു മാത്രമേ നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ സുസ്ഥിരമായി നിറവേറ്റാന്‍ കഴിയൂ. സൗരോര്‍ജം നേരിട്ടും, കാറ്റ്, ബയോ മാസ്, തിരമാല, ജലവൈദ്യുതി എന്നീ രൂപങ്ങളിലും നമുക്ക് അത് ലഭ്യമാണ്. അതിനുള്ള ടെക്‌നോളജി ഇപ്പോള്‍ ഉണ്ട്. ചെലവ് ആകട്ടെ നാള്‍ക്കു നാള്‍ കുറഞ്ഞു വരികയാണ്. വരുന്ന ഒന്നോ രണ്ടോ ദശകത്തിനുള്ളില്‍ നാം സൗര യുഗത്തിലേക്ക് പ്രവേശിക്കും എന്ന് ഉറപ്പാണ്. അതിന് മുന്‍പ് ധൃതി പിടിച്ച് ഈ ആണവ മാരണം വലിച്ചു തലയില്‍ കയറ്റുന്നതെന്തിന്?