മോസ്‌കോ: കൊച്ചു കേരളം മുതല്‍ വമ്പന്മാരായ റഷ്യയും ബ്രിട്ടനും എല്ലാമിന്ന് ഭയക്കുന്നത് ഒന്നിനെയാണ്. വാണക്രൈ റാന്‍സംവെയര്‍ എന്ന കമ്പ്യൂട്ടര്‍ വൈറസിനെ. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ഓഫീസു മുതല്‍ കേരളത്തിലെ ഗ്രാമങ്ങളിലെ പഞ്ചായത്ത് ഓഫീസുകളില്‍ വരെ വൈറസ് ആക്രമണമുണ്ടായി.

ലോക രാഷ്ട്രങ്ങളില്‍ റഷ്യയായിരുന്നു റാന്‍സംവെയറിന്റെ പ്രധാന ഇര. എന്നാലിതാ റാന്‍സംവെയറിനെ നേരിടാന്‍ വേറിട്ട രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യ. വിശുദ്ധ ജലം, അഥവാ ഹോളി വാട്ടറാണ് റഷ്യ കണ്ടെത്തിയിരിക്കുന്ന പുതിയ മാര്‍ഗ്ഗമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Also Read: ധോണി സ്വരൂപം പുറത്തെടുത്തപ്പോള്‍ പറഞ്ഞതെല്ലാം വെള്ളം പോലും ചേര്‍ക്കാതെ വിഴുങ്ങി ഹര്‍ഷ് ഗോയങ്ക; പൂനെയെ ഫൈനലിലെത്തിച്ച താരത്തിന് ടീമുടമയുടെ പ്രശംസ


റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ പുരോഹിതനെ വിശുദ്ധ ജലം തളിക്കാനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് ക്ഷണിച്ചാണ് റഷ്യ റാന്‍സംവെയറിനെ നേരിടാന്‍ ശ്രമിച്ചിരിക്കുന്നത്. ഓഫീസിലെ കമ്പ്യൂട്ടറുകളില്‍ വിശുദ്ധ ജലം തളിച്ച് അവയെ ശുദ്ധീകരിക്കുന്നതിലൂടെ റാന്‍സംവെയര്‍ ബാധിക്കില്ലെന്ന വിശ്വാസമാണിതിനു പിന്നിലെന്നും മാധ്യമങ്ങള്‍ പറയുന്നു.

റഷ്യയില്‍ ഭരണകൂടവും ചര്‍ച്ചും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് നിലനില്‍ക്കുന്നത്. ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പുരോഹിതനായ പാട്ട്രിയാര്‍ക്ക് കിറില്‍ ഓഫ് മോസ്‌കോയ്ക്ക് പോപ്പിന് സമാനമായ പദവിയാണുള്ളത്. റഷ്യന്‍ പ്രസിഡന്റ് പുടിനെ ദൈവത്തിന്റെ വരദാനമായാണ് അദ്ദേഹം കണക്കാക്കുന്നത്. ഇരുവര്‍ക്കിടയില്‍ മികച്ച ബന്ധവുമാണ്.


Don’t Miss: ‘അവന് ഇതു തന്നെ വേണം!’ മെട്രോ യാത്രയ്ക്കിടെ മൊബൈലില്‍ രഹസ്യമായി ചിത്രം പകര്‍ത്തിയ ആള്‍ക്ക് യുവതി കൊടുത്ത പണി


വീടുകളില്‍ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയാല്‍ വിശുദ്ധ ജലം തളിച്ച് പ്രത്യേക കര്‍മ്മങ്ങള്‍ നടത്തുന്ന ശീലം റഷ്യയിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കിടയിലുണ്ട്. ഇതിന്റെ മറ്റൊരു രൂപമാണ് റാന്‍സംവെയറിനെ തടയാന്‍ നടത്തിയ ശുദ്ധികലശവും.