മോസ്‌ക്കോ: മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം മൂന്ന് വര്‍ഷം സൂക്ഷിച്ച് വെച്ച റഷ്യന്‍ വനിത പിടിയിലായി. മരിച്ചെങ്കിലും ഒരത്ഭുതം പോലെ ഭര്‍ത്താവ് തിരിച്ചുവരുമെന്ന് വിശ്വസിച്ചാണ് ഈ സ്ത്രീ ഭര്‍ത്താവിന്റെ മൃതദേഹം സൂക്ഷിച്ചുവെയ്ക്കാന്‍ തീരുമാനിച്ചത്.

Ads By Google

തെക്കന്‍ റഷ്യയിലാണ് സംഭവം. മതപ്രാസംഗികനായ ഇദ്ദേഹം അസുഖം മൂലമാണ് മരണമടയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഇയാളുടെ മൃതദേഹം ഉപ്പ് തേച്ച് 3 വര്‍ഷം സൂക്ഷിച്ച് വെയ്ക്കുകയായിരുന്നു.

ഒരു പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കയ്യും തലയും ഇവരുടെ വീടിനടുത്തുള്ള ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്.

ആരെയോ കൊലപ്പെടുത്തിയതിന് ശേഷം ശരീരാവശിഷ്ടങ്ങള്‍ ചവറ്റുകുട്ടയില്‍ തള്ളിയതാണെന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ നിന്നാണ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഭാര്യ സൂക്ഷിച്ച് വെച്ച അപൂര്‍വ കഥ പോലീസ് അറിയുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇവരുടെ കുടുംബം മതാനുഷ്ഠാനങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവരും മരണാനന്തര ജീവിതം ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കുടുംബമാണെന്ന് മനസിലായി.

ഇതിന് മുന്‍പും ഇവരുടെ കുടുംബത്തിലെ ഒരാള്‍ മരിച്ചപ്പോള്‍ മൃതദേഹം ദഹിപ്പിക്കാതെ അങ്ങനെ തന്നെ വെച്ചെന്നും മൃതദേഹത്തിനടുത്ത് ചെന്ന് നിത്യേന സംസാരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് പോലീസിന് ലഭ്യമായത്.