ബിലിസിസ്: റഷ്യന്‍ സേന രാജ്യത്തെ ആക്രമിക്കുന്നത് സര്‍ക്കാര്‍ ടെലിവിഷനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത് കണ്ട് ജോര്‍ജിയക്കാര്‍ ഞെട്ടി. റഷ്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ജോര്‍ജിയന്‍ പ്രസിഡന്റ് മിഖായേല്‍ സാകാഷ് വിലിനെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ സംഭവം യഥാര്‍ഥ്യമല്ലെന്നും ടെലിവിഷനിലെ ഒരു പരിപാടിയാണിതെന്നും തിരിച്ചറിയുമ്പോഴേക്കും ജോര്‍ജിയന്‍ ജനത യുദ്ധം നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

വേണ്ടത്ര മുന്നറിയിപ്പില്ലാതെ കൃത്രിമയുദ്ധം സംപ്രേക്ഷണം ചെയ്തതാണ് പ്രശ്‌നമായത്. 2008ലെ റഷ്യ-ജോര്‍ജിയന്‍ യുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് ജനത്തെ പരിഭ്രാന്തരാക്കിയത്. അബദ്ധം സംഭവിച്ചതിന് ടെലിവിഷന്‍ അധികൃതര്‍ പിന്നീട് മാപ്പ് പറയുകയും ചെയ്തു.

Subscribe Us:

ദൃശ്യങ്ങള്‍ കണ്ടവര്‍ വിവരങ്ങള്‍ അറിയാന്‍ തിരക്കിയതോടെ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ ജാമായി. വാര്‍ത്ത പരന്നതോടെ സിനിമാശാലകളില്‍ നിന്നു കാണികളെ ഒഴിപ്പിക്കുകയും സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോവുകയും ചെയ്തു. ടി വി റിപ്പോര്‍ട്ട് സത്യമല്ലെന്നും ഇതു തികച്ചും അനുകരണാത്മകമായ പരിപാടിയാണെന്നും ജോര്‍ജിയ ആഭ്യന്തര വകുപ്പ് അറിയിച്ചു.