ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ ആരംഭിക്കുന്ന കൂടംകുളം ആണവ നിലയത്തിനെതിരേയുള്ള പ്രക്ഷോഭം ദൗര്‍ഭാഗ്യകരമാണെന്നു റഷ്യ. ആണവനിലയത്തിന്റെ പ്രവര്‍ത്തനം പ്രദേശത്ത് അണുപ്രസരണം ഉണ്ടാക്കുമെന്ന വാദം തെറ്റാണെന്നും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റഷ്യന്‍ എം.ബ.സി വക്താവും കൗണ്‍സിലറുമായ സെര്‍ജി വി. കര്‍മാലിതോ പറഞ്ഞു. ജപ്പാനില്‍ അടുത്തിടെയുണ്ടായ ആണുപ്രസരണം ചൂണ്ടിക്കാട്ടി ഇതിനെതിരേ പ്രതിഷേധിക്കേണണ്ടതില്ല. ജപ്പാനിലെ ആണവ റിയാക്ടറുകള്‍ വര്‍ഷങ്ങള്‍ പഴക്കം ചെന്നവയായിരുന്നു.

ഇതു രണ്ടും താരതമ്യം ചെയ്യേണ്ടതില്ല. തമിഴ്‌നാട്ടില്‍ ആരംഭിക്കുന്ന പദ്ധതി നൂതന സാങ്കേതികതയോടു കൂടിയുള്ളതാണ്. ഇന്ത്യയും റഷ്യയും സംയുക്തമായി നടത്തുന്ന ഈ പദ്ധതി ജനങ്ങള്‍ക്കു സുരക്ഷാഭീഷണി ഉയര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടംകുളം ആണവ പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്ന പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിലായി നിരാഹാരസമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങളാണു നടന്നുവരുന്നത്.