മോസ്‌കോ: ചൈനയിലെ മക്കാവു ദ്വീപ് വിനോദ സഞ്ചാരകേന്ദ്രം ലോകത്തിലെ വലിയ ചൂതാട്ടകേന്ദ്രങ്ങളിലൊന്ന് എന്നിങ്ങനെ പ്രശസ്തമാണ്. കോടികള്‍ മറിയുന്ന വിനോദവ്യവസായം വഴി സര്‍ക്കാര്‍ ഖജനാവിലേക്കും നല്ലൊരു തുക എത്തിച്ചേരുന്നുണ്ട്. ഇപ്പോള്‍ റഷ്യയും മക്കാവു മാതൃകയില്‍ കാസനോവ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. തണുത്തുറഞ്ഞ കിഴക്കന്‍ നഗരമായ വഌഡിവൊസ്‌റ്റോക്കില്‍ ആണ് ലോക ചൂതാട്ട കേന്ദ്രം സ്ഥാപിക്കാന്‍ റഷ്യ ഒരുങ്ങുന്നത്.

മക്കാവു ദ്വീപിനെ കൂടാതെ സിംഗപ്പൂരാണ് സഞ്ചാരികളെ കോരിത്തരിപ്പിക്കുന്ന കാസനോവകളുടെ മറ്റൊരു കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിംഗപ്പൂരിന് 25,000 കോടി രൂപയാണു കാസനോവകളില്‍ നിന്ന് ലഭിച്ചത്. മദ്യവും മദിരാക്ഷിയും മറ്റ് ലഹരികളും മാത്രം ലഭിക്കുന്ന എന്തോ ആണ് കാസനോവ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ആഡംബര ഹോട്ടലുകള്‍, യാട്ട് ക്ലബ്, ഷോപ്പിംഗ് മാളുകള്‍, ഗോള്‍ഫ് പോലുള്ള ഔട്ട് ഡോര്‍ ഗെയിമിനുള്ള സൗകര്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് കാസനോവ.

ടൂറിസം പ്രധാന വരുമാന മാര്‍ഗമായതോടെ വിയറ്റ്‌നാമും ഫിലിപ്പീന്‍സും ഇത്തരത്തിലുള്ള ചൂതാട്ട കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് റഷ്യയും ആ വഴിക്കു തിരിഞ്ഞത്. റഷ്യയുടെ കിഴക്കന്‍ നഗരമായ വഌഡിവൊസ്‌റ്റോക്കില്‍ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ കാസനോവകള്‍ സ്ഥാപിക്കാന്‍ റഷ്യ സര്‍ക്കാര്‍ കമ്പനിയായ നാഷ്‌ഡോം പ്രിമോറി വഴി ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു. ലോക ചൂതാട്ട കേന്ദ്രം നിലവില്‍ വരുമ്പോള്‍ നിലവിലുള്ള കേന്ദ്രങ്ങളെ കടത്തിവെട്ടുന്നതായിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. കാസനോവയിലൂടെ റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഏഷ്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയാണ്. കാസനോവകളിലൂടെ പ്രതിവര്‍ഷം 35,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്.