Categories

കാമസൂത്രയുമായി മലയാളി സംവിധായകന്‍

കാമസൂത്ര വീണ്ടും വെള്ളിത്തിരയിലേക്ക്. മലയാളി സംവിധായകനായ രൂപേഷ് പോളാണ് ഈ ഉദ്യമത്തിന് പിന്നില്‍. കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ സെയിന്റ് ഡ്രാക്കുള 3 ഡിയുടെ പ്രഥമപ്രദര്‍ശനം നടത്തിയശേഷമാണ് രൂപേഷ് പുതിയ പ്രോജക്ടിന്റെ കാര്യം പ്രഖ്യാപിച്ചത്.

മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ 4ഡിയിലും 5ഡിയിലും ഒരുക്കുമെന്ന് രൂപേഷ് പറഞ്ഞു. സിനിമയുടെ കഥ സംഭവിക്കുന്നത് പതിനാലാം നൂറ്റാണ്ടിലാണ്. ബാല്യത്തില്‍ വിവാഹിതയായ ഒരു രാജകുമാരി യൗവനയുക്തയായ ശേഷം തന്റെ ഭര്‍ത്താവിനെ തേടി നടത്തുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലം. യാത്രയ്ക്കിടെ കാമസൂത്രകലയില്‍ അതിനിപുണനായ ഒരാള്‍ രാജകുമാരിക്കൊപ്പം കൂടുന്നു. സഹയാത്രികന്റെ വരവോട് കൂടി രാജകുമാരിയുടെ ശരീരത്തിനും മനസിനും പല മാറ്റങ്ങളും സംഭവിയ്ക്കുകയാണ്. ഇതാണ് പുതിയ കാമസൂത്ര പറയുന്നത്.

1996ല്‍ മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്രയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് രൂപേഷ് വ്യക്തമാക്കുന്നു. ഇത് തീര്‍ത്തും വ്യത്യസ്തമായ ചലച്ചിത്രമാണെന്നും ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ കാമസൂത്ര ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിഹാരിക സോഥിയെന്ന പുതുമുഖമാണ്‌ ചിത്രത്തില്‍ രാജകുമാരിയായി വേഷമിടുന്നത്. ഡാനി ഷെയ്‌ലര്‍, ബില്‍ ഹട്ട്‌ചെന്‍സ്, അന്ന പാസെ എന്നിവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും അണിനിരക്കും. ജൂണ്‍ 15ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ഇന്ത്യയ്ക്ക് പുറമെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുക.