കൊച്ചി: ലാപ്‌ടോപ് (2008) എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാന രംഗത്ത് എത്തിയ പത്രപ്രവര്‍ത്തകനായിരുന്ന എഴുത്തുകാരന്‍ രൂപേഷ് പോള്‍ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നു. സെയിന്റ് ഡ്രാക്കുള എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രിഡിയിലാണ് നിര്‍മ്മിക്കുന്നത്. ചലച്ചിത്രലോകത്ത് നവീനആശയങ്ങള്‍ കൊണ്ടുവരാനായി രൂപേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമ വെറൈറ്റിയുടെ ബാനറിലാണ് സെയിന്റ് ഡ്രാക്കുളയെന്ന സിനിമ തയ്യാറാവുക.

കേരളത്തില്‍ നിന്നുള്ള ഒരു ഫൊറന്‍സിക് വിദഗ്ധന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. രൂപേഷിന്റെ ഭാര്യ എഴുത്തുകാരിയായ ഇന്ദുമേനോന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥാ തയ്യാറാക്കുന്നത് രൂപേഷ് പോള്‍ തന്നെയാണ്. ശ്രീവത്സന്‍ മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അന്താരാഷ്ട്രതലത്തിലുള്ള ഒട്ടേറെ പ്രതിഭകള്‍ ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തുകോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് സൂചന. ചിത്രത്തിനായുള്ള താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഒക്ടോബര്‍ ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

സുഭാഷ് ചന്ദ്രന്റെ പറുദീസ നഷ്ടം എന്ന കഥയെ ആസ്പദമാക്കിയെടുത്ത ആദ്യ ചിത്രമായ ലാപ്‌ടോപ് സാമ്പത്തിക വിജയം നേടിയില്ലെങ്കിലും വ്യത്യസ്തമായ ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ വെറൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് രൂപേഷ് പോള്‍.