ലണ്ടന്‍: മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന് നേരെ ആക്രമണം. ബ്രിട്ടീഷ് പാര്‍ലമെന്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജയരായപ്പോഴാണ് ആക്രമണമുണ്ടായത്. പുറത്ത് നിന്ന് അതിക്രമിച്ച് കയറിയ ആള്‍ മര്‍ഡോക്കിനെ ആക്രമിക്കുകയായിരുന്നു. മര്‍ഡോക്കിന്റെ മുഖത്ത് അടിയേറ്റു. സംഭവത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നിര്‍ത്തിവെച്ചു. അക്രമി പിന്നീട് പോലീസ് പിടിയിലായി. ചോദ്യം ചെയ്യല്‍ സമയത്ത് പാര്‍ലിമെന്റില്‍ മര്‍ഡോക്കിനെതിരെ പ്ലക്കാര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദി വേള്‍ഡ്, ദി സണ്‍ പത്രങ്ങള്‍ ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ചോര്‍ത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യലിനെ തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ സംഭവമെന്നാണ് മര്‍ഡോക്ക് വിശേഷിപ്പിച്ചത്.

അതേസമയം മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ദി സണ്‍ ദിനപത്രത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ സൈറ്റിലേക്ക് തിങ്കളാഴ്ചയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. സൈബര്‍ ലോകത്തെ പ്രശസ്ത ഹാക്കര്‍മാരായ ലല്‍സെക് ഗ്രൂപ് (LulzSec hacking)ആണ നുഴഞ്ഞുകയറിയത്. ദി സണ്‍ (the Sun) പത്രത്തിലേക്ക് വരുന്ന ട്രാഫിക് മറ്റൊരു പേജിലേക്ക് (new-times.co.uk/sun) തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അതില്‍ മര്‍ഡോക്കിന്റെ മരണ ‘വാര്‍ത്ത’ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മര്‍ഡോക് അമിതമായി ലഹരി കഴിച്ച് ‘ആത്മഹത്യ’ ചെയ്തുവെന്ന തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ലല്‍സെക് ഗ്രൂപ് ഹാക് ചെയ്തത് ‘മാധ്യമഭീമന്റെ ജഡം കണ്ടെത്തി’ എന്ന തലക്കെട്ടോടെയാണ് ‘വാര്‍ത്ത’ നല്‍കിയത്. ഫോണ്‍ ചോര്‍ത്തിയതുമായ വിവാദങ്ങളുടെ പശ്ചാതലത്തില്‍ മര്‍ഡോക്ക് അമിതമായി പലേഡിയം കഴിച്ച് ആത്മഹത്യ ചെയ്തതുവെന്നും പുന്തോട്ടത്തിലാണ് മര്‍ഡോക്കിന്റെ ജഡം കണ്ടെത്തിയതെന്നും ലല്‍സെക് പോസ്റ്റ് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.