കൊച്ചി: രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന് 50 രൂപയായി. 28 മാസത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയ ഉടന്‍ ഒരു ഡോളറിന് 50 രൂപയിലെത്തുകയായിരുന്നു. 2009 മെയ് 14ന് ശേഷം ഈ നിലയിലേക്ക് എത്തുന്നത് ഇതാദ്യമായാണ്.

വ്യാഴാഴ്ച 49.58 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപ ക്ലോസ് ചെയ്തത്. ആഭ്യന്തര ഓഹരി വിപണികളിലുണ്ടായ കനത്ത ഇടിവാണ് രൂപയുടെ മൂല്യശോഷണത്തിന് ഇടയാക്കിയത്. ഓപ്പണിങില്‍ സെന്‍സെക്‌സ് 130 പോയിന്റോളം ഇടിഞ്ഞ് 16,216 ത്തിന്റെ നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 43 പോയിന്റ് താഴ്ന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ കഴിഞ്ഞ ദിവസം ഓഹരി വിറ്റഴിഞ്ഞിരുന്നു. ഇതും രൂപയുടെ മൂല്യം കുറയാനിടയാക്കി.

ഈ ഇടിവ് താല്‍ക്കാലികം മാത്രമാണെന്ന് വിലയിരുത്തുന്നവരുണ്ട്. 2012 മാര്‍ച്ച് ആകുന്നതോടെ ഡോളരിനെതിരെ രൂപയുടെ മൂല്യം 45.5രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, യൂറോയുടെ വിനിമയമൂല്യം 10 വര്‍ഷത്തെ താഴ്ന്ന നിലയില്‍ നിന്ന് നേരിയ തോതില്‍ കരകയറി.

ഡോളറിന്റെ മൂല്യം ഉയരുന്നത് ഇറക്കുമതി ചിലവ് വര്‍ധിപ്പിക്കും. ഇന്ത്യയില്‍ എണ്ണ ഉപഭോഗത്തിന്റെ മുക്കാല്‍ഭാഗവും ഇറക്കുമതി ചെയ്യുകയാണ് എന്നതിനാല്‍ ഇന്ധനവിലയെ ഇത് സാരമായി ബാധിക്കും. അതേസമയം കയറ്റുമതിക്കാര്‍ക്ക് ഇത് വന്‍നേട്ടമാണ്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അവിടത്തെ സാമ്പത്തിക നില ഭദ്രമല്ലെന്നു പ്രഖ്യാപിച്ചത് ലോക വിപണിയാകെ പിടിച്ചുലച്ചിട്ടുണ്ട്. ഇന്നു തുടക്കത്തില്‍ തന്നെ ഏഷ്യന്‍ വിപണികളെല്ലാം തകരുകയായിരുന്നു.