എഡിറ്റര്‍
എഡിറ്റര്‍
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്: ഡോളറിന് 55.82
എഡിറ്റര്‍
Wednesday 23rd May 2012 3:59pm

ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറിന് 55.82 എന്ന, ചരിത്രത്തിലെ ഏറ്റവും താണ നിരക്കിലേക്ക് ഇന്ന് ഇന്ത്യന്‍ കറന്‍സി കൂപ്പുകുത്തി. ഇന്നലെ ഇത് 55.39 രൂപയായിരുന്നു.

തുടര്‍ച്ചയായ ആറാം ദിവസമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടാകുന്നത്. ബാങ്കുകളില്‍ നിന്നും എണ്ണ ഇറക്കുമതി കമ്പനികളില്‍ നിന്നുമുണ്ടായ വര്‍ധിച്ച ഡോളര്‍ ഡിമാന്റാണ് രൂപയുടെ വിലയിടിച്ചത്. യൂറോ മേഖലയിലെ പ്രതിസന്ധി തുടരുന്നതും ആഗോള സമ്പദ് വ്യവസ്ഥയിലെ അസ്ഥിരതയും രൂപയുടെ മൂല്യം ഇടിയാന്‍ കാരമായി. വിലയിടിവ് നേരിടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

രൂപയുടെ മൂല്യമിടിവ് കയറ്റുമതിയ്ക്ക് ഗുണകരമാവും. കൂടാതെ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും സന്തോഷകരമായ സാഹചര്യമാണിത്. എന്നാല്‍ ഇറക്കുമതിയെയും വിദേശത്ത് സന്ദര്‍ശനത്തിനായും പഠനത്തിനായും പോകുന്നവരെയുമാണ് മൂല്യമിടിവ് ബാധിക്കുക.

യൂറോപ്പ് അടക്കം മിക്ക മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഇന്ത്യയിലേക്കു വിദേശ നിക്ഷേപം വരാന്‍ ഒരു തടസ്സം. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ നിക്ഷേപത്തിന് അനുകൂലമല്ലെന്ന പ്രചാരണവും ശക്തമാണ്. ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടുകയുമാണ്.

ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡോളറിനു വീണ്ടും സ്വീകാര്യതയുണ്ടായതും ഡോളറിന് മൂല്യമേറാന്‍ കാരണമാകുന്നുണ്ട്. രൂപയുടെ വിലയിടിവ് ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചു.

Advertisement