എഡിറ്റര്‍
എഡിറ്റര്‍
രൂപയ്ക്ക് കഷ്ടകാലം, പ്രവാസികള്‍ക്ക് നല്ല കാലം
എഡിറ്റര്‍
Monday 28th May 2012 12:11am

രൂപയുടെ മൂല്യം കുറഞ്ഞതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പ്രവാസികളായിരിക്കും. വിലയിടിവിനൊപ്പം ബാങ്കുകള്‍ പ്രവാസി നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ഉയര്‍ത്തിയതും വിദേശത്തുള്ളവര്‍ക്ക് ഗുണകരമാകും.

രൂപയുടെ വിലയിടിവ് പിടിച്ച് നിര്‍ത്താനായി ആറു മാസം മുമ്പാണ് റിസര്‍വ്വ് ബാങ്ക് പ്രവാസി നിക്ഷേപങ്ങളുടെ പലിശ നിശ്ചയിക്കുന്നതിലെ നിയന്ത്രണം എടുത്തുകളഞ്ഞത്. ഇതോടെ ഇത് സാധാരണ പലിശ നിരക്കുകള്‍ക്കൊപ്പം എത്തിയിരുന്നു. ചില ബാങ്കുകള്‍ പത്തുശതമാനം വരെ പലിശ നല്‍കുന്നുണ്ട്.

ഇതുകൂടാതെ വിദേശ കറന്‍സികളിലുള്ള സ്ഥിരനിക്ഷേപമായ എഫ്. സി. എന്‍. ആര്‍ നിക്ഷേപങ്ങള്‍ക്കും നിക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എഫ്. സി. എന്‍. ആര്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഈ നിരക്കിനേക്കാള്‍ 1.25 ശതമാനം കൂടുതല്‍ പലിശ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 3 ശതമാനം വരെ കൂടുതല്‍ ലഭിക്കുന്നുണ്ട്. അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തിലുള്ള എഫ്. സി. എന്‍. ആര്‍ സ്ഥിരനിക്ഷേപത്തിന് ചില ബാങ്കുകള്‍ 4 ശതമാനം വരെ ഇപ്പോള്‍ പലിശ നല്‍കുന്നുണ്ട്. എന്നാല്‍ അമേരിക്കയിലെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ ഒരു ശതമാനത്തിലും താഴെയാണ്.

ഇതുകൊണ്ട് തന്നെ എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്ക് പുറമെ എഫ്. സി. എന്‍. ആര്‍ നിക്ഷേപങ്ങളിലും വന്‍തോതില്‍ പണമൊഴുക്ക് ഉണ്ടാകുന്നുണ്ടെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എബ്രഹാം പറയുന്നത്.

യു. എ. ഇ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണമൊഴുക്കുള്ളത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 38,556 കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളുടെ പ്രവാസി നിക്ഷേപം. ഇത് 50,000 കോടിയിലെത്തിയിട്ടുണ്ടാകുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisement