മുംബൈ: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറിന് 53 രൂപ എന്ന നിലയിലും താഴേക്ക് വിനിമയ നിരക്ക് ഇടിഞ്ഞതോടെ നാലുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. വ്യാഴാഴ്ച്ച രാവിലെ ഡോളറിന് 53.19 എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. നാലുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

ബജറ്റ് കമ്മിയും വിദേശ വ്യാപാര കമ്മിയും ഭീമമായി വര്‍ധിക്കുകയും സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ മൂലം ഡോളര്‍ വരവ് കുറയുമെന്ന ആശങ്കകളുമാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയാന്‍ കാരണം. ഓഹരി വിപണിയിലെ ഇടിവും വ്യാഴാഴ്ച രൂപയ്ക്ക് തിരിച്ചടിയായി.

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 52.96 എന്ന നിലയിലായിരുന്നു രൂപ. 53ന് താഴെ എത്തിയതോടെ റിസര്‍വ്വ് ബാങ്ക് ഇടപെട്ട് പൊതുമേഖലാ ബാങ്കുകളെക്കൊണ്ട് ഡോളര്‍ വിറ്റഴിച്ചിരുന്നു. രൂപയുടെ ഇടിവ് തടയാന്‍ വേണ്ടിയായിരുന്നു ഇത്.

നിലവില്‍ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാലു ശതമാനമായി ഉയര്‍ന്നു. ഇത് വിദേശ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതിനാല്‍ വിദേശ നാണയ നിക്ഷേപങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അതേസമയം തന്നെ സാമ്പത്തിക വളര്‍ച്ച അടിക്കടി കുറയുകയും ചെയ്യുന്നു. ഇത് വരും നാളകളില്‍ കമ്മി വീണ്ടും ഉയരാന്‍ കാരണമാകുമെന്ന ആശങ്ക ശക്തമാണ്.

Malayalam News

Kerala News in English