മുംബൈ: അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 34 പൈസ നഷ്ടത്തില്‍ രൂപ 49.84 ലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിന്റെ ആവശ്യം ഉയര്‍ന്നും ആഗോള സാമ്പത്തിക പ്രതിസന്ധിയും ചൈനീസ് വിപണിയിലെ മാന്ദ്യവും രൂപയ്ക്കു തിരിച്ചടിയായി. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ വിലയിടിവിനുള്ള ഒരു കാരണമായി.

ഈ സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകുമെന്നാണ് കരുതപ്പെടുന്നത്.

അതിനിടെ, ബാങ്കുകളുടെ കരുതല്‍ ധനാനുപാതം വീണ്ടും കുറച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ഗോകണ്‍ പറഞ്ഞു. എന്നാല്‍, നിര്‍ബന്ധിത പണ ലഭ്യത അനുപാതം (എസ്.എല്‍.ആര്‍) കുറയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയില്‍ ബാങ്കുകളുടെ കരുതല്‍ ധനാനുപാതം അര ശതമാനം കുറച്ച് അഞ്ചര ശതമാനമാക്കിയിരുന്നു.

Malayalam news

Kerala news in English