എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണക്കടത്ത്: ഭരണകക്ഷിയിലെ പ്രമുഖ നേതാവിനും പങ്കെന്ന് മുഖ്യപ്രതി
എഡിറ്റര്‍
Saturday 23rd November 2013 6:46am

gold

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിക്കുന്ന സ്വര്‍ണക്കടത്തിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖനേതാവുമുണ്ടെന്ന് മുഖ്യപ്രതി ഷഹബാസിന്റെ മൊഴി.

സ്വര്‍ണക്കടത്തിന് പിന്നിലെ സാമ്പത്തികസ്രോതസ് കോഴിക്കോട് കൊടുവള്ളിയിലെ ഭരണകക്ഷിയില്‍ പെട്ട നേതാവാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന് (ഡി.ആര്‍.ഐ) നല്‍കിയ മൊഴിയില്‍  വ്യക്തമാക്കിയിരിക്കുന്നത്.

ഷഹബാസും കൊടുവള്ളി സ്വദേശിയാണ്.

കള്ളക്കടത്തിലൂടെ ലഭിക്കുന്ന ലാഭവിഹിതം നേതാവിനും നല്‍കും. ഇതുവരെ കടത്തിയതില്‍ അറുപത് ശതമാനവും ഇദ്ദേഹത്തിന്റെ ഒത്താശയോടെയാണെന്നും മൊഴിയില്‍ പറയുന്നു. കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണം ആഭരണങ്ങളാക്കി ജ്വല്ലറികള്‍ക്ക് നല്‍കുന്നത് മറ്റൊരു സംഘമാണെന്നും നാതാവിന് മാത്രമേ അവരുടെ വിവരങ്ങള്‍ അറിയാവൂ എന്നും ഷഹബാസ് പറഞ്ഞു എന്നാണ് സൂചനകള്‍.

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ലാഭം കൈകാര്യം ചെയ്യുന്നത് മറ്റൊരു പ്രതിയായ നബീലാണ്. സിനിമാ മേഖലയിലുള്ളവരുമായി ബന്ധം പുലര്‍ത്തുന്നതും ഇയാള്‍ തന്നെയാണ്.

കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു പറഞ്ഞു. തിങ്കളാഴ്ചയാണ് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട റാഹില, ഹിറോമോസ എന്നിവരെ കൂടാതെ രണ്ട് യുവതികളെ കൂടി സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചിരുന്നുവെന്നും അറിയുന്നു.

കസ്റ്റഡിയില്‍ കഴിയുന്ന തന്നെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന ഷഹബാസിന്റെ പരാതിയെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മജിസ്‌ട്രേറ്റ് എന്‍. വി. രാജു ഉത്തരവിട്ടു. എന്നാല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.

പ്രതിയെ അടുത്ത മാസം ആറ് വരെ റിമാന്‍ഡ് ചെയ്തു.

Advertisement