ശ്രീനഗര്‍: ശ്രീനഗറില്‍ തീവ്രവാദികളെ കീഴ്‌പ്പെടുത്തി ധീരത പ്രകടിപ്പിച്ച റുക്‌സാന പോലീസ് വേഷത്തില്‍. റുക്‌സാനക്ക് ജീവന്‍ രക്ഷാ മെഡല്‍ നല്‍കിയ ചടങ്ങിലാണ് അവര്‍ പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. 75,000 രൂപയും മെഡലും അടങ്ങിയതാണ് അവാര്‍ഡ്.

2009 സെപ്തംബര്‍ 27 നാണ് 21 കാരിയായ റുക്‌സാന തീവ്രവാദികളെ തോക്കുകൊണ്ട് നേരിട്ടത്. വീട്ടില്‍ കയറി അക്രമം നടത്തുന്നതിനിടെ റുക്‌സാന തോക്ക് തട്ടിയെടുത്ത് തീവ്രവാദികളെ നേരിടുകയായിരുന്നു. സംഭവത്തില്‍ ഒരു ലഷ്‌കര്‍ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. മറ്റൊരു തീവ്രവാദിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 18 കാരനായ സഹോദരന്റെ സഹായത്തോടെയാണ് റുക്‌സാന തീവ്രവാദികളെ നേരിട്ടത്.

മാതാപിതാക്കളായ നൂര്‍ ഹസ്സന്‍, റഷീദ എന്നിവര്‍ക്ക് തീവ്രവാദികളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തോക്ക് ഉപയോഗിച്ച് യാതൊരു പരിചയവുമില്ലാത്ത പെണ്‍കുട്ടി തീവ്രവാദികളില്‍ ഒരാളുടെ തോക്ക് തട്ടിയെടുത്താണ് സംഘത്തെ തുരത്തിയത്. ഇതിന് പ്രതികാരമായി റുക്‌സാനയുടെ വീടിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.