Administrator
Administrator
റുക്‌സാനയുടെ വീടിന് നേരെ തീവ്രവാദി ആക്രമണം
Administrator
Saturday 31st October 2009 11:39am

video with videoരജൗരി: തീവ്രവാദികളെ തോക്ക് കൊണ്ട് നേരിട്ട് ധീരത പ്രകടിപ്പിച്ച ജമ്മു കശ്മീരിലെ രജൗരിയിലെ റുക്‌സാന എന്ന പെണ്‍കുട്ടിയുടെ വീട് തീവ്രവാദികള്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി തീവ്രവാദികള്‍ ഇവരുടെ വീടിനുനേരെ ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവ സമയം റുക്‌സാന വീട്ടിലില്ലായിരുന്നു.

റുക്‌സാനയും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്ന് രജൗരി ജില്ലാ കലക്ടര്‍ എസ് ജയ്പാല്‍ സിങ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 10.45 നാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. രണ്ട് ഗ്രനേഡുകളും ലക്ഷ്യം തെറ്റിയതിനാല്‍ വീടിനുമേല്‍ പതിച്ചില്ല. ഇതേത്തുടര്‍ന്ന് തീവ്രവാദികള്‍ വീടിനുനേരെ വെടിവെപ്പ് നടത്തി. രജൗരി ജില്ലയിലെ ഷദ്ര ഷെരീഫ് പ്രദേശത്താണ് റുക്‌സാനയുടെ വീട്.

സുരക്ഷാ കാരണങ്ങളാല്‍ രുക്‌സാനയുടെ കുടുംബത്തെ വീട്ടില്‍നിന്ന് നേരത്തെതന്നെ മാറ്റിയിരുന്നു. ഒക്ടോബര്‍ ഏഴിന് കുടുംബത്തിന് പോലീസ് കോളനിയില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുകയും ചെയ്തു.

സെപ്തംബര്‍ 27 നാണ് 21 കാരിയായ റുക്‌സാന തീവ്രവാദികളെ തോക്കുകൊണ്ട് നേരിട്ടത്. സംഭവത്തില്‍ ഒരു ലഷ്‌കര്‍ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. മറ്റൊരു തീവ്രവാദിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 18 കാരനായ സഹോദരന്റെ സഹായത്തോടെയാണ് റുക്‌സാന തീവ്രവാദികളെ നേരിട്ടത്. മാതാപിതാക്കളായ നൂര്‍ ഹസ്സന്‍, റഷീദ എന്നിവര്‍ക്ക് തീവ്രവാദികളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

തോക്ക് ഉപയോഗിച്ച് യാതൊരു പരിചയവുമില്ലാത്ത പെണ്‍കുട്ടി തീവ്രവാദികളില്‍ ഒരാളുടെ തോക്ക് തട്ടിയെടുത്താണ് സംഘത്തെ തുരത്തിയത്.

Advertisement