സുറിച്ച്: സ്വിസ് ബാങ്കുകളിലെ ഇടപാടുകാരുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വിക്കിലീക്ക്‌സിന് ചോര്‍ത്തിനല്‍കിയതിന് സ്വകാര്യ ബാങ്കുടമ റുഡോള്‍ഫ് എല്‍മറെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ബാങ്കിന്റെ രഹസ്യ സംരക്ഷണ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

ഇയാള്‍ മുന്‍പ് സ്വിസ് ബാങ്ക് ജീവനക്കാരനായിരുന്നു. ആ സമയത്ത് ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍  ചോര്‍ത്തിനല്‍കിയതിന് എല്‍മറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് 4000 യൂറോ പിഴയടച്ച് ജയില്‍ ശിക്ഷയില്‍ നിന്നു എല്‍മര്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം, നികുതിവെട്ടിപ്പു സംബന്ധിച്ച വിവരങ്ങള്‍ സ്വിസ് നികുതി വകുപ്പിനെ ബോധ്യപ്പെടുത്താനാണ് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നു എല്‍മര്‍ പറഞ്ഞു.

സ്വിസ് ബാങ്കിലെ രണ്ടായിരത്തോളം വരുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടങ്ങിയ രണ്ട് സി.ഡികളാണ് എല്‍മര്‍ വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് കൈമാറിയത്. സി.ഡിയിലെ വിവരങ്ങള്‍ പരിശോധിച്ചശേഷം വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അസാന്‍ജ് പറഞ്ഞത്.