Categories

രുചിക കേസ്: റാത്തോറിന് മുന്‍കൂര്‍ ജാമ്യം

ruchika-rathorപഞ്ചകുള: 14 വയസുകാരിയായ രുചിക ഗിര്‍ഹോത്രയെ പീഡിപ്പിച്ച കേസില്‍ ഹരിയാന മുന്‍ ഡി ജി പി എസ് പി എസ് റാത്തോഡിന് ജനവരി ഏഴുവരെ മുന്‍കൂര്‍ ജാമ്യം. പഞ്ചകുള ജില്ലാ, സെഷന്‍സ് ജഡ്ജി എസ് പി സിങാണ് ജാമ്യം അനുവദിച്ചത്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ റാത്തോഡിന് ലഭിച്ച ആറുമാസത്തെ തടവ് ശിക്ഷ നിസാരമാണെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിരുന്നു. കേസന്വേഷണം ശരിയായ രീതിയില്‍ നടക്കാതിരുന്നതാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. വിഷയം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയിലെത്തിയതിനെ തുടര്‍ന്ന് കേസ് പുനരന്വേഷിക്കാന്‍ തീരുമാനമായിരുന്നു. രണ്ടു കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സാഹചര്യത്തിലാണ് റാത്തോഡ് ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്. രുചികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതിനും പെണ്‍കുട്ടിയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കിയതിനുമാണ് പുതിയ കേസുകള്‍.

റാത്തോഡിനുവേണ്ടി ഭാര്യ അഡ്വ. ആഭ തന്നെയാണ് കോടതിയില്‍ ഹാജരായത്. തന്റെ ഭര്‍ത്താവ് മാധ്യമവിചാരണ നേരിടുകയാണെന്നും അതിനാല്‍ സംരക്ഷണം നല്‍കണമെന്നും അവര്‍ കോടതിയോട് അപേക്ഷിച്ചു. ഏഴാം തിയതി കേസ് വീണ്ടും പരിഗണിക്കും.

1990 ആഗസ്ത് 12ന് ടെന്നീസ് കളിക്കാരികൂടിയായ 14 വയസ്സുകാരി രുചികയെ പോലീസ് ഐ ജിയായിരിക്കെ റാത്തോഡ് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മനഭംഗത്തിനിരയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഉദ്യോഗസ്ഥനെതിരെ കേസ് നടപടികളുമായി പോയതിന് പ്രതികാരമായി സഹോദരനെ കള്ളക്കേസില്‍ കുടുക്കി പോലീസ് നിരന്തരം പീഡിപ്പിച്ചു. പീഡനത്തില്‍ മനം നൊന്ത് മൂന്ന് വര്‍ഷത്തിന് ശേഷം രുചിക ആത്മഹത്യ ചെയ്തു.

ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കേസ് മുന്നോട്ട് കൊണ്ട് പോയെങ്കിലും ഹരിയാനയില്‍ ഡി ജി പിയായി വിരമിച്ച പ്രതിയുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ എല്ലാ ഘട്ടത്തിലും ഇടപെടല്‍ നടന്നു. 19 വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം 67കാരനായ റാത്തോഡിന് ഇപ്പോള്‍ ലഭിച്ച ശിക്ഷ ആറു മാസത്തെ തടവും ആയിരം രൂപ പിഴയുമാണ്. ഇത് നീതീകരിക്കത്തക്കതല്ലെന്ന് ചൂണ്ടിക്കാട്ടി രുചികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടെ രുചികയെ പുറത്താക്കിയ സ്‌കൂളിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.