Administrator
Administrator
രുചിക കേസ് സി ബി ഐ ഏറ്റെടുത്തു
Administrator
Monday 11th January 2010 2:29pm

ruchika-caseന്യൂദല്‍ഹി: വിവാദമായ 14 വയസുകാരി രുചിക കേസ് അന്വേഷണം സി ബി ഐക്ക് കൈമാറി. രുചികയെ പീഡിപ്പിച്ച കേസിനൊപ്പം ഇതുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കേസുകളും സി ബി ഐക്ക് കൈമാറിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, രുചികയുടെ സഹോദരനെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തത്് എന്നീ കേസുകളും സി ബി ഐ അന്വേഷിക്കും.

പീഡനത്തെത്തുടര്‍ന്ന് രുചിക ഗിര്‍ഹോത്ര എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ കേസില്‍ മുന്‍ ഹരിയാന ഡി ജി പി എസ് പി എസ് റാത്തോഡാണ് പ്രതി. കേസ് ഏറ്റെടുക്കണമെന്ന ഹരിയാന സര്‍ക്കാര്‍ സി ബി ഐയോട് അഭ്യര്‍ഥിച്ചിരുന്നു.

കേസന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതില്‍ ഹരിയാന പൊലീസിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റാത്തോഡ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലും റാത്തോഡിനെ ഉടന്‍ അറസ്റ്റു ചെയ്യേണ്ടെന്ന നിലപാടിലാണ് പോലീസ്.

നേരത്തെ കേസില്‍ റാത്തോഡിനെ ആറു മാസത്തെ തടവിന് ശിക്ഷിച്ചത് വിവാദമായിരുന്നു. ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് റാത്തോഡിനെ രക്ഷിക്കുന്ന തരത്തിലാണ് പോലീസ് കേസ് അന്വേഷിച്ചതെന്നായിരുന്നു പരാതി. കേസ് ദേശീയ ശ്രദ്ധ നേടിയതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടിക്ക് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് രുചികയുടെ പിതാവിന്റെയും സഹോദരന്റെയും പരാതിപ്രകാരം റാത്തോഡിനെതിരെ മൂന്ന് എഫ് ഐ ആര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Advertisement