ന്യൂഡല്‍ഹി: രുചിക കേസിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദേശം. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കേസില്‍ സിബിഐ അന്വേഷിച്ച മൂന്ന് പരാതികളിലെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അഡ്വക്കറ്റ് ലക്ഷ്മണ്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയിന്‍മേലാണ് കോടതി നടപടി. മോശമായി പെരുമാറിയതിന് രുചിക പഠിച്ച സേക്രട്ട് സ്‌ക്കൂളിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

രുചിക മല്‍ഹോത്രയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുന്‍ ഡി.ജി.പി എസ്.പി.എസ് റാത്തോറിന് സുപ്രീംകോടതി നവംബറില്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ 18മാസത്തെ ശിക്ഷയനുഭവിച്ച റാത്തോറിനെതിരെ പുതുതായെടുത്ത മൂന്നു കേസുകളില്‍ രണ്ടെണ്ണത്തില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലായിരുന്നു ജാമ്യം അനുവദിച്ചത്.

14കാരിയായ ടെന്നീസ്താരം രുചികയെ പീഡിപ്പിച്ചുവെന്നാണ് റാത്തോറിന്റെ പേരിലുള്ള കേസ്. പീഡനത്തെത്തുടര്‍ന്ന് മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍, രുചിക ആത്മഹത്യ ചെയ്തു. 2009 ഡിസംബറില്‍ കോടതി റാത്തോഡിനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചു. എന്നാല്‍, ശിക്ഷ കുറഞ്ഞുപോയെന്നു ചൂണ്ടിക്കാട്ടി സി. ബി.ഐ.യും രുചികയുടെ അച്ഛനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സെഷന്‍സ് കോടതി ശിക്ഷ ഒന്നരക്കൊല്ലമായി ഉയര്‍ത്തുകയായിരുന്നു.