നീതി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

14 വയസുകാരിയായ പെണ്‍കുട്ടിയെ ഒരു പോലീസ് ഐ ജി ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുക. അയാള്‍ പിന്നീട് സംസ്ഥാനത്തിന്റെ ഡി ജി പിയായി അവരോധിക്കപ്പെടുക, പീഢനത്തിനരയായ പെണ്‍കുട്ടിയുടെ കുടുംബം പോലീസിനാല്‍ വേട്ടയാടപ്പെടുക, തനിക്ക് നേരെ നീതി കൊട്ടിയടക്കപ്പെട്ടത് കണ്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുക. ഒടുവില്‍ നീണ്ട വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം പ്രതിക്ക് ആറു മാസത്തെ മാത്രം ശിക്ഷ ലഭിക്കുക. പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും ഒരു പ്രതിയെ എങ്ങിനെ നിയമത്തിന് മുന്നില്‍ നിന്ന് സംരക്ഷിക്കാമെന്നതിനും പരാതിക്കാരായ ഇരകളെ എങ്ങിനെ വേട്ടയാടാമെന്നതിനും ഉദാഹരണമാണ് രുചിക കേസ്.

കാലം 1990 ഹരിയാനയിലെ ടെന്നീസ് താരമായിരുന്നു രുചിക ഗിര്‍ഹോത്ര എന്ന 14 വയസുകാരി. അന്ന് ഹരിയാന ടെന്നീസ് അസോസിയേഷന്‍ തലവന്‍ പോലീസ് ഐ ജി എസ് പി എസ് റാത്തോഡാണ്. ആഗസ്റ്റ് 12ന് ടെന്നീസ് പരിശീലനം കഴിഞ്ഞ് രുചികയും കൂട്ടുകാരി ആരാധന പ്രകാശ് ഗുപ്തയും പുറത്തേക്കിറങ്ങിയതാണ്. പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ആരാധന പുറത്തു പോയി. ഈ സമയം റാത്തോറെന്ന പോലാസ് ഉദ്യോഗസ്ഥന്‍ 14 വയസുകാരിയെ ബലാത്കാരത്തിന് ശ്രമിച്ചു. തിരിച്ചുവന്ന ആരാധന കണ്ടത് കൂട്ടുകാരി തങ്ങളേറെ ബഹുമാനിച്ചിരുന്ന മനുഷ്യനാല്‍ പീഡിപ്പിക്കപ്പെടുന്നതാണ്. വിഷയം വീട്ടുകാരുടെ അടുത്തെത്തി റാത്തോഡിനെതിരെ പരാതിയുമായി കുടുബം പോലീസിനെ സമീപിച്ചു.

എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ പോലീസ് മേധാവികളിലുള്ള സ്വാധീനം റാത്തോഡ് ഉപയോഗിച്ചു. പരാതിയുമായിച്ചെന്ന കുടുംബം ക്രൂരമായി വേട്ടയാടപ്പെട്ടു. രുചിക പഠിച്ചിരുന്ന ചണ്ഢീഗഢ് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നിന്ന് അവളെ പുറത്താക്കി. സ്‌കൂള്‍ അധികൃതര്‍ക്കു മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിരുന്നു. പിന്നീട് പോലീസ് കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങി. സഹോദരന്‍ ആഷുവിനെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ആഷുവിനെ ക്രൂരമായി പീഡിപ്പിച്ചു. റാത്തോഡിനെതിരായ കേസ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. പക്ഷെ കുടുംബം കീഴടങ്ങിയില്ല.

എന്നാല്‍ നീതി നിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ രുചികക്ക് കഴിഞ്ഞില്ല. 1993 ഡിസംബര്‍ 28ന് വേട്ടനായ്ക്കളുടെ ലോകത്ത് നിന്ന് അവള്‍ മാഞ്ഞു പോയി. രുചിക കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നു. കേസ് സി ബി ഐ അന്വേഷിച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ ശക്തമായ സമ്മര്‍ദങ്ങളുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു.

അന്വേഷണം അട്ടിമറിക്കാന്‍ റാത്തോഡ് സമ്മര്‍ദവും ഭീഷണിയും ചെലുത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേസ് അദ്യം അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥന്‍ ആര്‍ ആര്‍ സിങ് രംഗത്തുവന്നു. കേസ് ആദ്യം അന്വേഷിച്ച സിങ് ആസൂത്രിതമായ മാനഭംഗ ശ്രമമാണ് റാത്തോഡ് നടത്തിയതെന്ന് 1992 ല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.

സ്വന്തം സമുദായത്തിലുള്ളവരെയും കോളനി നിവാസികളെയും ഉപയോഗിച്ച് റാത്തോഡ് അന്വേഷണ ഉദ്യോഗസ്ഥന്റെ തന്റെ വീടിനും ഓഫീസിനും മുന്നില്‍ ധര്‍ണകള്‍ സംഘടിപ്പിച്ചു. റാത്തോഡിനെതിരെ ശക്തമായ വകുപ്പുകളുമായി ആര്‍ ആര്‍ സിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അത് അവഗണിക്കപ്പെട്ടു. 1992 ല്‍ താന്‍ വിരമിച്ചശേഷവും റാത്തോഡ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി സിങ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

19 വര്‍ഷത്തിന് ശേഷം കേസില്‍ സി ബി ഐ പ്രത്യേക കോടതി വിധി വന്നപ്പോള്‍ റാത്തോഡിന് ലഭിച്ചത് ആറു മാസത്തെ തടവും ആയിരം രൂപ പിഴയുമായിരുന്നു. സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജെ എസ് സിന്ധുവാണു വിധി പ്രഖ്യാപിച്ചത്. നിയമത്തെ നോക്കു കുത്തിയാക്കി പണവും സ്വാധീനവും ഉപയോഗിച്ച് പ്രതി രക്ഷപ്പെടുന്ന സമയത്താണ് ദേശീയ മാധ്യമങ്ങള്‍ ഇടപെടുന്നത്. രുചിക കേസിലെ നീതി നിഷേധം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ നടത്തിയ ശക്തമായ ഇടപെടലാണ് കേസ് പിന്നീട് വഴിത്തിരിവിലേക്ക് നീങ്ങുന്നതിന് ഇടയാക്കിയത്.

‘കേസന്വേഷിച്ച ആര്‍ ആര്‍ സിങ് റാത്തോറിനെതിരെ വ്യക്തമായ തെളിവുകളോടെ റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. എന്റെ മകള്‍ പീഡിപ്പിക്കപ്പെട്ടു. മാനസികമായി തളര്‍ന്ന അവള്‍ ആത്മഹത്യ ചെയ്തു. എന്റെ മകനെതിരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പിന്നീടങ്ങോട്ട് പീഢനങ്ങളുടെ കാലമായിരുന്നു. ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിക്കും എന്റെ മകളുടെ ഗതിയുണ്ടാകരുത്. എന്റെ മകളെ മരണത്തിലേക്ക കൈപിടിച്ച് കൊണ്ട് പോയത് റാത്തോഡാണ്. ഇപ്പോഴും തങ്ങള്‍ ഭീഷണിയിലാണ് കഴിയുന്നത് പക്ഷെ രാജ്യം തങ്ങളോടൊപ്പമുണ്ടെന്നാണ് കരുതുന്നത്. ഇനി ഏറെക്കാലം പ്രതികള്‍ക്ക് രക്ഷപ്പെട്ട് കഴിയാനാകില്ല’. നീതി തിരിച്ചു പിടിക്കാന്‍ പോരാടാനുറച്ച് രുചികയുടെ പിതാവ് എസ് സി ഗിര്‌ഹോത്ര പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രതിഷേധം ശക്തമായപ്പോള്‍ രുചിക കേസ് പുനരന്വേഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ വ്യക്തമാക്കി. ഇതിനിടെ രുചികയെ പുറത്താക്കിയ ചണ്ഡീഗഡിലെ സ്‌കൂളിനെതിരെ അന്വേഷണം നടത്താന്‍ ഹരിയാന ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. അന്വേഷണത്തില്‍ പുറത്ത് നിന്നുള്ള സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു പുറത്താക്കലെന്ന് വ്യക്തമായി.

റാത്തോറിനെതിരെ മൂന്ന് പുതിയ എഫ് ഐ ആര്‍ രിജ്സ്റ്റര്‍ ചെയ്യപ്പെട്ടു. റാത്തോറിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യാ പ്രേരണക്കുമായിരുന്നു കേസ്. തുടര്‍ന്ന് മുന്‍ ഹരിയാന ഡി ജി പി എസ് പി എസ് റാത്തോറിന്റെ പോലീസ് മെഡല്‍ തിരിച്ചുവാങ്ങാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

അധികം താമസിയാതെ കേസ് പുനരന്വേഷിക്കാന്‍ സി ബി ഐ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ റാത്തോഡ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. കേസില്‍ ഇരകള്‍ക്ക് നീതി ലഭിക്കുമെന്നതിന്റെ ശുഭ സൂചനകള്‍ കണ്ട് തുടങ്ങി. രുചിക കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ നിന്ന് പിന്‍മാറാന്‍ രുചികയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കാനായി സാക്ഷി പറഞ്ഞ ഗജേന്ദ്ര സിങാണ് പിടിയിലായത്.

അണഞ്ഞു പോകുമായിരുന്ന നീതിയുടെ കൈത്തിരിയെ സംരക്ഷിക്കുകയായിരുന്നു ദേശീയ മാധ്യമങ്ങള്‍ ചെയ്തത്. അനീതിയുടെ ഇരുണ്ട വര്‍ഷങ്ങളായിരുന്നു രുചികയുടെ കുടുംബത്തിന് കഴിഞ്ഞു പോയത്. മകളെ കൊലക്ക് കൊടുത്തയാള്‍ ഇനിയും പൊട്ടിച്ചിരിക്കുന്നത് രുചകയുടെ കുടുംബത്തിന് കാണേണ്ടിവരില്ലെന്ന് പ്രത്യാശിക്കാം.